ഗുരുവായൂർ - തിരുനാവായ റെയിൽപാത നിർമ്മിക്കണം: ഗുരുവായൂർ ദേവസ്വം

Thursday 16 March 2023 12:13 AM IST

ഗുരുവായൂർ: ഗുരുവായൂർ - തിരുനാവായ റെയിൽപ്പാത നിർമ്മാണത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വം. ഗുരുവായൂരിലെത്തിയ റെയിൽവേ പാസഞ്ചർ അമിനറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസിന് ഗുരുവായൂർ ദേവസ്വം നൽകിയ നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി ഏർപ്പെടുത്തേണ്ട ആറ് പ്രധാന ആവശ്യങ്ങളടങ്ങിയ നിവേദനമാണ് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ റെയിൽവേ പാസഞ്ചർ അമിനറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസിന് കൈമാറിയത്. യാത്രക്കാരുടെ ആവശ്യങ്ങൾ സംബന്ധിച്ച് ഗുരുവായൂരിൽ പരിശോധനക്കെത്തിയതായിരുന്നു പാസഞ്ചർ അമിനറ്റീസ് കമ്മിറ്റി അംഗങ്ങൾ. ഗുരുവായൂർ തൃശൂർ പാതയിൽ ഓരോ മണിക്കൂർ ഇടവിട്ട് മെമു, റെയിൽ ബസ് സർവീസ് ആരംഭിക്കണം. കൊവിഡിനെത്തുടർന്ന് ഗുരുവായൂർ സ്റ്റേഷനിൽ നിന്നും നിറുത്തിവച്ച എല്ലാ സർവീസുകളും പുനസ്ഥാപിക്കണം, ഗുരുവായൂരിൽ നിന്നും രാമേശ്വരം, തിരുപ്പതി, മൂകാംബിക തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് സർവീസ് ആരംഭിക്കണം തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.