വിദ്യാഭ്യാസരംഗത്തെ മികവ്; പി.എം എക്‌സലൻസ് അവാർഡിന്റെ പടിവാതിലിലെത്തി തൃശൂർ

Thursday 16 March 2023 12:19 AM IST

  • രാജ്യത്തെ 450 ജില്ലകളിലെ ആറിൽ ഒന്നായി തൃശൂർ

തൃശൂർ: വിദ്യാഭ്യാസ രംഗത്തെ മികവിന്റെ കാര്യത്തിൽ രാജ്യത്തെ 450 ജില്ലകളിൽ നിന്ന് പ്രധാനമന്ത്രിയുടെ അവാർഡിനായി പരിഗണിക്കപ്പെട്ട മികച്ച ആറ് ജില്ലകളിൽ ഒന്നായി തൃശൂർ. ഏപ്രിൽ 21ന് സിവിൽ സർവീസസ് ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നേരിട്ട് നൽകുന്ന പ്രൈം മിനിസ്റ്റേഴ്‌സ് അവാർഡ് ഫൊർ എക്‌സലൻസ് ഇൻ പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ ചുരുക്കപ്പട്ടികയിലാണ് തൃശൂർ ഉൾപ്പെട്ടത്.

പി.എം എക്‌സലൻസ് അവാർഡ് നിർണയത്തിന്റെ ഭാഗമായി സമഗ്രശിക്ഷാ വിഭാഗത്തിൽ കളക്ടർ ഹരിത വി. കുമാർ സമർപ്പിച്ച പ്രൊപ്പോസലാണ് പരിഗണിച്ചത്. ആദ്യ 15 ജില്ലകളിൽ ഉൾപ്പെട്ടതിനെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സമിതി മുമ്പാകെ പദ്ധതിയെക്കുറിച്ച് അവതരിപ്പിക്കുന്നതിനായി കളക്ടർക്ക് ക്ഷണം ലഭിച്ചിരുന്നു.

ഈ ആറെണ്ണത്തിൽ നിന്ന് ഏറ്റവും മികച്ച രണ്ട് ജില്ലകൾക്കാണ് പ്രധാനമന്ത്രി അവാർഡ് നൽകുക. കാബിനറ്റ് സെക്രട്ടറിയുടെ ചോദ്യോത്തര സെഷനും തുടർന്ന് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പും മാത്രമാണ് പുരസ്‌കാരത്തിലേക്ക് ഇനിയുള്ള കടമ്പകൾ.

അവാർഡിന് പരിഗണിച്ച വിഷയങ്ങൾ സമഗ്രശിക്ഷാ പദ്ധതികൾ, ജലജീവൻ മിഷൻ, ആരോഗ്യം, നൂതന പദ്ധതികൾ എന്നീ വിഭാഗങ്ങളിലായിരുന്നു പ്രധാനമന്ത്രിയുടെ അവാർഡിന് അപേക്ഷ ക്ഷണിച്ചത്. അതിൽ സമഗ്ര ശിക്ഷാ വിഭാഗത്തിൽ വിദ്യാഭ്യാസ മേഖലയിലെ മികവിനാണ് ജില്ല പരിഗണിക്കപ്പെട്ടത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സർവശിക്ഷാ കേരള എന്നിവ കൂടാതെ സമേതം പദ്ധതിയുടെ ഭാഗമായുള്ള കഥയമമ സമേതം, സ്പിക് മകെ ഔട്ട്‌റീച്ച് പദ്ധതി, അനന്യ സമേതം തുടങ്ങിയ പദ്ധതികളും തൃശൂരിന് ഗുണകരമായി.

കഴിഞ്ഞ മാസം കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി ജില്ലയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. തുടർന്നാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ആറ് ജില്ലകളുടെ പട്ടികയിൽ വന്നത്.

കളക്ടർക്ക് അഭിമാനനേട്ടം പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ അവർഡിനുള്ള പുരസ്‌കാര പട്ടികയിൽ ഏറ്റവും മികച്ച ആറു ജില്ലകളിൽ ഒന്നാക്കിയാണ് കളക്ടർ ഹരിത വി. കുമാറിന്റെ പടിയിറക്കം. കളക്ടറുടെ സ്ഥലംമാറ്റം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിനും പ്രവർത്തകർക്കും വലിയ നഷ്ടമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആസൂത്രണ സമിതി അദ്ധ്യക്ഷനുമായ പി.കെ. ഡേവിസ് മാസ്റ്ററും വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനനും പറഞ്ഞു.