ജനസാന്ദ്രതയുള്ള സ്ഥലത്ത് നായവിൽപ്പന കേന്ദ്രം പാടില്ലെന്ന്

Thursday 16 March 2023 12:27 AM IST

തൃശൂർ: ജനസാന്ദ്രതയുള്ള പ്രദേശത്ത് നായവിൽപ്പന കേന്ദ്രം നടത്തരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ. പഴയന്നൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന നായ വളർത്തൽ കേന്ദ്രത്തിനെതിരെ നടപടിയെടുക്കാനാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി പഴയന്നൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.

പഴയന്നൂർ പൈക്കോട്ടുപാറയിൽ വർഗീസ് സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന്റെ വീടിന് മുൻവശത്താണ് വിൽപ്പനകേന്ദ്രം പ്രവർത്തിക്കുന്നത്. നായ്ക്കളുടെ കുരയ്ക്കൽ അസഹനീയമാണെന്നും ദുർഗന്ധവും പരിസര മലിനീകരണവും കാരണം ബുദ്ധിമുട്ടുകയാണെന്നും പരാതിയിലുണ്ട്. കമ്മിഷൻ പഴയന്നൂർ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങി.

ലൈസൻസോടെയാണ് നായ്ക്കളെ വളർത്തുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ എത്ര നായ്ക്കളുണ്ടെന്നും എന്തിന് വേണ്ടിയാണ് വളർത്തുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമല്ലെന്ന് കമ്മിഷൻ ചൂണ്ടിക്കാണിച്ചു. ഭീഷണിയുള്ള സാഹചര്യത്തിൽ പരാതിക്കാരന് പൊലീസിൽ പരാതി നൽകാമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. നായ്ക്കളുടെ സദാനേരമുള്ള കുരയും പരിസര മലിനീകരണവും അവസാനിപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.