ശ്രീകണ്ഠേശ്വരം ക്ഷേത്ര ശ്രീകോവിലിന് പുതിയ വെള്ളി വാതിൽ

Thursday 16 March 2023 3:48 AM IST

തിരുവനന്തപുരം:തലസ്ഥാനത്തെ ശ്രീകണ്ഠ്വേശ്വരം ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പഴയ വാതിൽ മാറ്റി വെള്ളി പൊതിഞ്ഞ പുതിയ വാതിൽ സ്ഥാപിച്ചു. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു പുതിയ വാതിൽ സ്ഥാപിച്ചത്. കടുത്ത ശിവഭക്തനായ കരമന ചെറുവിളാകത്ത് വീട്ടിൽ സുകുമാരൻ നായരു (94)​ ടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മരുമകനും ചാർട്ടേഡ് അക്കൗണ്ടന്റുമായ പുന്നയ്ക്കൽ കെ.ഈശ്വര പിള്ളയാണ് പണി കഴിപ്പിച്ചത്.

തേക്കിന്റെ വാതിലിൽ വെള്ളി പൊതിഞ്ഞു

തേക്ക് തടിയിൽ വാതിൽ പണിത ശേഷം വെള്ളിത്തകിട് പൊതിയുകയായിരുന്നു. 25 ലക്ഷത്തോളം രൂപ ചെലവ് വന്നു. വാതിൽ പണിയാൻ അഞ്ച് മാസവും വെള്ളി പൊതിയാൻ ആറ് മാസവും വേണ്ടിവന്നു. ക്ഷേത്ര വാതിലിന്റെ അളവ് എടുത്തശേഷമാണ് പണി ആരംഭിച്ചത്. കോട്ടയ്‌ക്കകം പുന്നക്കൽ ഗണപതി ക്ഷേത്രത്തിൽ വച്ചാണ് വാതിൽ പണിത് വെള്ളി പൊതിഞ്ഞത്. ഗണപതി ക്ഷേത്രത്തിലെ ജനറൽ സെക്രട്ടറി പ്രിയദർശന്റെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം. പാലക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രശസ്ത ശില്പികളായ രാധാകൃഷ്‌ണൻ ആൻഡ് രാധാകൃഷ്ണ എന്നിവരാണ് വാതിലിൽ വെള്ളി പൊതിഞ്ഞത്. പണി പൂർത്തിയാക്കി തിരുവിതാംകൂർ ദേവസ്വത്തിന് തിരുവാഭരണം കമ്മിഷണർ ജി.ബിജു വാതിൽ ഏറ്റുവാങ്ങി. പഴയ വാതിലിലെ നാഴികപ്പൂട്ട് അതുപോലെ പുതിയ വാതിലിൽ പിടിപ്പിച്ചിട്ടുണ്ട്. വാതിൽ സമർപ്പണത്തിന്റെ അനുബന്ധ ചടങ്ങുകൾ ദേവസ്വം ബോർഡ് പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ഉടൻ നടക്കും.

തികഞ്ഞ ശിവഭക്തൻ

കടുത്ത ശിവഭക്തനായ സുകുമാരൻ നായരുടെ പിതാവ് ശ്രീകണ്‌ഠേശ്വരത്തെ മേൽശാന്തിയായിരുന്നു. അതിനാൽത്തന്നെ കുഞ്ഞുനാൾ മുതൽ എന്നും വൈകിട്ട് പിതാവിനൊപ്പം അമ്പലത്തിൽ എത്തുമായിരുന്നു. പ്രായാധിക്യത്തെ തുടർന്ന് അവശനാകുന്നതുവരെ ക്ഷേത്രദർശനം മുടക്കിയിട്ടില്ല. കാഴ്ചക്കുറവും മറ്റ് അവശതകളെയും തുടർന്ന് അദ്ദേഹമിപ്പോൾ വിശ്രമത്തിലാണ്. ഭാര്യ ശ്യാമള. പ്ളാനിംഗ് ബോർഡ് ചെയർമാനായിരുന്ന കെ.ടി.ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുകുമാരൻ നായർ ചവറ കെ.എം.എം.എല്ലിൽ നിന്നാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്.