ഇമ്രാൻ താത്കാലിക ആശ്വാസം, ഇന്ന് രാവിലെ വരെ അറസ്റ്റില്ല

Thursday 16 March 2023 5:43 AM IST

ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ ( പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് )​ പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാനെ ഇന്ന രാവിലെ പത്ത് വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ലാഹോർ ഹൈക്കോടതി ഉത്തരവ്. ഉത്തരവിന് പിന്നാലെ പൊലീസും സുരക്ഷാ സേനയും ഇമ്രാന്റെ വസതിക്ക് പുറത്തുനിന്ന് താത്കാലികമായി ഒഴിഞ്ഞു.

കോടതി ഉത്തരവ് വരുന്നതിന് മുന്നേ ഇന്നലെ രാവിലെ ഇമ്രാൻ അനുകൂലികളും പൊലീസും തമ്മിൽ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. കണ്ണീർവാതക, ജലപീരങ്കി പ്രയോഗവും വ്യാപക കല്ലേറുമുണ്ടായെങ്കിലും അനുകൂലികൾ പിൻമാറാൻ തയാറായില്ല.

കോടതി ഉത്തരവിന് പിന്നാലെ വീടിന് പുറത്തെത്തിയ ഇമ്രാൻ ഖാൻ അനുകൂലികളെ അഭിസംബോധന ചെയ്തു. ഗ്യാസ് മാസ്ക് ധരിച്ചാണ് ഇമ്രാൻ പുറത്തേക്കെത്തിയത്.

കഴിഞ്ഞ രണ്ട് ദിവസമായി ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമം നടത്തുന്നുണ്ടെങ്കിലും പി.ടി.ഐ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് കഴിഞ്ഞിട്ടില്ല. ഇമ്രാന്റെ വസതി സ്ഥിതി ചെയ്യുന്ന സമൻ പാർക്ക് മേഖലയിൽ പാർട്ടി പ്രവർത്തകരുമായുള്ള പൊലീസ് സംഘർഷം കലാപാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

തോഷാഖാന അഴിമതിക്കേസ്, വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന കേസ് എന്നിവയിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കോടതി പുറപ്പെടുവിച്ചതിന് പിന്നാലെ തിങ്കളാഴ്ചയാണ് അറസ്റ്റിനായി ഇസ്ലാമാബാദ് പൊലീസ് ലാഹോറിലെത്തിയത്. മാർച്ച് 29നകം ഇമ്രാനെ ഹാജരാക്കണമെന്നാണ് പൊലീസിനുള്ള നിർദ്ദേശം.

അതേ സമയം, തന്നെ അറസ്റ്റ് ചെയ്ത് കൊലപ്പെടുത്തുകയാണ് പാക് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നാണ് ഇമ്രാന്റെ ആരോപണം. ഇമ്രാനെ അറസ്​റ്റ് ചെയ്യാൻ പൊലീസിനൊപ്പം പാരാമിലിട്ടറി റേഞ്ചേഴ്സും രംഗത്തിറങ്ങിയിരുന്നു.