'നിയമം അനുവദിക്കുന്നിടത്തെല്ലാം ഇനിയും വിമാനങ്ങൾ പറത്തും'; റഷ്യയ്ക്ക് മുന്നറിയിപ്പുമായി യു എസ്
വാഷിംഗ്ടൺ: അന്താരാഷ്ട്ര നിയമനം അനുവദിക്കുന്ന എല്ലായിടത്തും യുഎസ് വിമാനങ്ങൾ പറത്തുമെന്ന് ഡിഫൻസ് സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ. മുൻകരുതലോടെ പ്രവർത്തിക്കണമെന്ന് ഓസ്റ്റിൻ റഷ്യ്ക്ക് മുന്നറിയിപ്പും നൽകി. റഷ്യൻ പ്രതിരോധ മന്ത്രി സെർഗെയ് ഷൊയ്ഗുവുമായി ഫോണിൽ സംസാരിച്ച ശേഷമായിരുന്നു ഓസ്റ്റിന്റെ പ്രസ്താവന.
കരിങ്കടലിന് മുകളിലൂടെ പറന്ന ആളില്ലാ യു എസ് ഡ്രോൺ റഷ്യൻ യുദ്ധവിമാനവുമായി കഴിഞ്ഞ ദിവസം കൂട്ടിയിടിച്ച് തകർന്നിരുന്നു. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അന്താരാഷ്ട്ര വ്യോമപരിധിയിൽ പതിവ് നിരീക്ഷണം നടത്തുന്നതിനിടെയാണ് സമുദ്രനിരപ്പിൽ നിന്ന് 25,000 അടി ഉയരത്തിൽ വച്ച് യു എസിന്റെ എം ക്യു- 9 റീപ്പർ ഡ്രോണിനെ റഷ്യയുടെ സുഖോയ് എസ് യു - 27 ഫൈറ്റർ ജെറ്റ് ഇടിക്കുകയായിരുന്നു.
റൊമേനിയയിൽ നിന്ന് പറന്നുയർന്ന ഡ്രോൺ അന്താരാഷ്ട്ര വ്യോമപരിധിയിൽ ക്രൈമിയയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കൂടി പറക്കുകയായിരുന്നു. ഇടിക്ക് പിന്നാലെ നിയന്ത്രണം പോയ ഡ്രോൺ കരിങ്കടലിലേക്ക് ഇടിച്ചിറങ്ങി. റഷ്യൻ വിമാനത്തിനും കേടുപാടുണ്ടെന്നാണ് കരുതുന്നത്. ഡ്രോണിനെ ബോധപൂർവം പിന്തുടർന്ന് ഇടിച്ചു വീഴ്ത്തിയെന്ന ആരോപണം റഷ്യ തള്ളി.
അമേരിക്കൻ വാദം
നിരീക്ഷണ പറക്കൽ നടത്തിയ തങ്ങളുടെ എം ക്യു ഡ്രോണിനെ റഷ്യയുടെ രണ്ട് എസ് യു - 27 ഫെറ്റർ ജെറ്റുകൾ പിന്തുടർന്നു. ഉയർന്ന് പറന്ന വിമാനങ്ങൾ ഡ്രോണിന് മുകളിലേക്ക് നാലോളം തവണ ഇന്ധനം ഒഴിച്ചു. വിമാനങ്ങളിലൊന്ന് ഡ്രോണിന്റെ പ്രൊപ്പല്ലറിൽ വന്നിടിച്ചു. നിയന്ത്രണം നഷ്ടമായതോടെ കടലിൽ വീണു. റഷ്യൻ പൈലറ്റുമാരുടെ പ്രവൃത്തി തീർത്തും നിരുത്തരവാദിത്വപരം.
റഷ്യൻ വാദം
യു.എസിന്റെ ആരോപണങ്ങളെല്ലാം തെറ്റ്. ഡ്രോണിനെ റഷ്യൻ ജെറ്റുകൾ ഇടിച്ചിട്ടില്ല. യാതൊരു ആയുധങ്ങളും ഉപയോഗിച്ചിട്ടില്ല. ട്രാക്ക് ചെയ്യാൻ കഴിയുന്ന തരത്തിലെ ആശയവിനിമയ സംവിധാനമായ ട്രാൻസ്പോണ്ടറുകൾ ഓഫാക്കിയാണ് ഡ്രോൺ പറന്നത്. എന്നാൽ യു.എസ് ഇത് നിഷേധിച്ചു.റഷ്യൻ അതിർത്തിക്ക് നേരെ വന്ന ഡ്രോണിനെ ജെറ്റുകൾ പിന്തുടർന്നു. എന്നാൽ, ഡ്രോൺ തനിയെ നിയന്ത്രണം നഷ്ടമായി കടലിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളിലേക്ക് യു.എസ് ഡ്രോണുകൾ കടന്നുകയറുന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.യുക്രെയിന് വേണ്ടി രഹസ്യ വിവരങ്ങൾ ചോർത്തുകയാണ് യു.എസ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎസിലെ റഷ്യൻ അംബാസഡർ അനറ്റോളി ആന്റനോവ് ആരോപിച്ചു. കരിങ്കടൽ ഭാഗത്ത് ഡ്രോൺ പറത്തി യു.എസ് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും അനറ്റോളി കൂട്ടിച്ചേർത്തു.