ഇടുക്കിയിൽ സുഖമില്ലെന്ന് പറഞ്ഞ് സ്‌കൂളിൽ പോകാതിരുന്ന പെൺകുട്ടി വീട്ടിൽ പ്രസവിച്ചു, സഹപാഠിയ്ക്ക് വേണ്ടി അന്വേഷണം; ഇരുവരും പ്രണയത്തിലായിരുന്നെന്ന് പൊലീസ്‌

Thursday 16 March 2023 3:24 PM IST

ഇടുക്കി: പതിനാറുകാരിയായ വിദ്യാർത്ഥിനി വീട്ടിൽ പ്രസവിച്ചു. ഇടുക്കിയ്ക്ക് സമീപം കുമളിയിൽ ഇന്ന് രാവിലെയാണ് സംഭവം. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി, അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.

സഹപാഠിയുമായി പ്രണയത്തിലായിരുന്നെന്നാണ് പതിനാറുകാരി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആൺകുട്ടിയ്ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു. സഹപാഠിയ്ക്കും പ്രായപൂർത്തിയാകാത്ത സാഹചര്യത്തിൽ പോക്‌സോ വകുപ്പ് ചുമത്തുന്നതിൽ സാങ്കേതികമായ തടസമുണ്ടെന്നാണ് സൂചന.

അതേസമയം, പെൺകുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞിരുന്നില്ല. സുഖമില്ലെന്ന് പറഞ്ഞ് പെൺകുട്ടി ഇന്ന് സ്‌കൂളിൽ പോയിരുന്നില്ല. തനിക്ക് ശാരീരിക അസ്വസ്ഥതയുണ്ടെന്ന് ഇന്നലെ വൈകിട്ടുമുതൽ പറയുന്നുണ്ടായിരുന്നു. എന്നാൽ ഗർഭിണിയാണെന്ന സംശയമൊന്നും ബന്ധുക്കൾക്ക് തോന്നിയില്ല.