വീണ്ടും വീണ്ടും സായ് പല്ലവിയുടെ NO
വിജയ് - ലോകേഷ് കനകരാജ് ചിത്രം ലിയോയോട് നോ പറഞ്ഞ് സായ് പല്ലവി. ലിയോയിൽ അഭിനയിക്കാൻ ലോകേഷ് സായ് പല്ലവിയെ വിളിച്ചിരുന്നു. കഥ കേൾക്കുകയും ചെയ്തു. കരിയറിനെ സംബന്ധിച്ച് ഒരു പ്രധാന തീരുമാനം സായ് പല്ലവി എടുത്തതാണ് പിൻമാറ്റത്തിന് കാരണം. തന്റെ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമകൾ മാത്രമേ തിരഞ്ഞെടുക്കൂ എന്നാണ് തീരുമാനം. ഈ തീരുമാനത്തെ തുടർന്നാണ് ലിയോ ഉപേക്ഷിച്ചത്. നിരവധി സൂപ്പർ താരങ്ങളുടെ ചിത്രങ്ങളോട് സായ് പല്ലവി നോ പറഞ്ഞിട്ടുണ്ട്. അജിത് ചിത്രം തുനിവിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തിന് ആദ്യം പരിഗണിച്ചത് സായ് പല്ലവിയെ ആയിരുന്നു.കഥ കേട്ടശേഷം പിൻമാറി. തെന്നിന്ത്യയിൽ ഒരു ചിത്രം പോലും സായ് പുതുതായി കമ്മിറ്റ് ചെയ്തിട്ടില്ല. മികച്ച കഥാപാത്രങ്ങളുടെ ഭാഗമാകാനാണ് ആഗ്രഹം. തന്റെ കഥാപാത്രത്തെക്കുറിച്ച് പ്രേക്ഷകർ സംസാരിക്കണം. തനിക്ക് പോലും സംതൃപ്തി തരാത്ത കഥാപാത്രം എങ്ങനെ പ്രേക്ഷകർ സ്വീകരിക്കുമെന്ന് സായ് പല്ലവി മുൻപ് പറഞ്ഞിട്ടുണ്ട്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തിന് പ്രിയങ്കരിയായ താരമാണ് സായ് പല്ലവി. പ്രേമത്തിലെ മലർ എന്ന കഥാപാത്രം മികച്ച സ്വീകാര്യത നേടി കൊടുക്കുകയും ചെയ്തു. ദുൽഖർ സൽമാന്റെ നായികയായി കലിയിലും ഫഹദ് ഫാസിലിന്റെ നായികയായി അതിരനിലും അഭിനയിച്ച സായ് പല്ലവി വീണ്ടും മലയാളത്തിലേക്ക് വരാൻ ഒരുങ്ങുകയാണ്. നിവിൻ പോളിയുടെ നായികയായി താരം എന്ന ചിത്രത്തിലൂടെയാണ് എത്തുന്നത്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന താരത്തിന്റെ ഒരു ഷെഡ്യൂൾ മണാലിയിൽ നടന്നിരുന്നു. രണ്ടാമത്തെ ഷെഡ്യൂളിൽ സായ് ജോയിൻ ചെയ്യും. വിനയ് ഫോർട്ട്, കൃഷ്ണശങ്കർ, കയാദു ലോഹർ, നിഖില വിമൽ എന്നിവരാണ് മറ്റ് താരങ്ങൾ.