ബ്യൂട്ടി പ്രോഡക്‌ടുകൾ ഉപയോഗിച്ചതുകൊണ്ട് മാത്രം കാര്യമില്ല, ചർമം പെട്ടെന്ന് തിളങ്ങാൻ ഈ ഭക്ഷണങ്ങൾ കഴിച്ചുനോക്കൂ, ഫലം ഉറപ്പ്
Thursday 16 March 2023 3:50 PM IST
ഇന്ന് സ്ത്രീ- പുരുഷ ഭേദമന്യേ മിക്കവരും സൗന്ദര്യ സംരക്ഷണ വസ്തുക്കൾ ഉപയോഗിക്കുന്നവരാണ്. ചർമ്മത്തിന്റെ ഓരോ ആവശ്യങ്ങൾക്കും വെവ്വേറെ പ്രോഡക്‌ടുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ എത്രയൊക്കെ ബ്യൂട്ടി പ്രോഡക്‌ടുകൾ ഉപയോഗിച്ചാലും കഴിക്കുന്ന ആഹാരം ശ്രദ്ധിച്ചില്ലെങ്കിൽ ഫലമുണ്ടാകില്ല. സൗന്ദര്യം പെട്ടെന്ന് കൂടാൻ സഹായിക്കുന്ന കുറച്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
- രാവിലെ ഉറക്കമുണർന്ന് കഴിഞ്ഞയുടൻ ഇളം ചൂടുവെള്ളത്തിൽ നാരങ്ങാനീരും തേനും ചേർത്തുകഴിക്കുന്നത് വളരെ നല്ലതാണ്. നാരങ്ങയിലെ വൈറ്റമിൻ സി ശരീരത്തിലെ ആന്റി ഓക്‌സിഡന്റ് അളവ് വർദ്ധിപ്പിക്കും. മാത്രമല്ല, ശരീരത്തിലെ വിഷവസ്‌തുക്കൾ പുറന്തള്ളുന്നതിന് സഹായിക്കും
- രാവിലെ ഗ്രീൻ ടീ കുടിക്കുന്നത് ചെറുപ്പം നിലനിർത്താനും കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് മാറ്റാനും സഹായിക്കുന്നു. അലർജി മൂലം ശരീരത്തിൽ ചൊറിഞ്ഞുതടിക്കുന്നത് ഒഴിവാക്കാനും ഗ്രീൻടീ സഹായിക്കും. മാത്രമല്ല, മുഖക്കുരു ഒഴിവാക്കാനും ഗ്രീൻടീ ഏറെ നല്ലതാണ്. ഒരു ദിവസം മൂന്ന് കപ്പുവരെയെ ഗ്രീൻടീ കുടിക്കാൻ പാടുള്ളു എന്നതും ശ്രദ്ധിക്കണം.
- തൈര്, ഓട്‌സ് എന്നിവ ദഹനം മികച്ചതാക്കുന്നു. ദഹനം നല്ലതാക്കുന്നത് ശരീരത്തിലെ വിഷാംശം കുറച്ച് ചർമം തിളങ്ങാൻ സഹായിക്കുന്നു.
- പച്ച ചീര ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പച്ച ചീരയിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകൾ ശരീരസൗന്ദര്യം നിലനിർത്താൻ സഹായിക്കുന്നു.
- നെല്ലിക്ക ശരീരത്തിന് ഏറെ ഗുണപ്രദമായ ഒന്നാണ്. ചർമം മികച്ചതാക്കുകയും യുവത്വം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
- കാപ്‌സിക്കം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമത്തിന് വളരെ നല്ലതാണ്. ഇവയിൽ വൈറ്റമിൻ എ, സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമത്തിന്റെ നിറം വർദ്ധിപ്പിക്കാനും കാപ്‌സിക്കം ഏറെ നല്ലതാണ്.
- മത്തങ്ങയുടെ കുരു കഴിക്കുന്നത് ഏറെ നല്ലതാണ്. മത്തങ്ങക്കറി ഉണ്ടാക്കുമ്പോൾ കുരുകൂടി ചേർത്ത് കറിവച്ചാൽ മതിയാവും.
- ഒമേഗ3 ഫാറ്റി ആസിഡ് കൂടുതലുള്ള വാൾനട്ട്, സാൽമൺ, മത്തി തുടങ്ങിയ മീൻ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
- ഓറഞ്ച്, കിവി തുടങ്ങിയ പഴങ്ങൾ ധാരാളമായി കഴിക്കുക
- പപ്പായ ചർമത്തിലെ ഡെഡ്‌സ്‌കിൻ സെല്ലുകൾ ഒഴിവാക്കാൻ സഹായിക്കും. മാത്രമല്ല, ഇത് ചർമത്തിലെ വിഷാംശങ്ങൾ കളഞ്ഞ് ചർമം തിളങ്ങാനും ഏറെ മികച്ചതാണ്.
- കാരറ്റിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ, ബീറ്റാ കരാറ്റിൻ എന്നിവ സൂര്യരശ്‌മികൾ ഏൽക്കുന്നത് മൂലമുണ്ടാക്കുന്ന ചർമപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. മികച്ചൊരു നാച്ചുറൽ സൺസ്ക്രീൻ കൂടിയാണിത്.
- ധാരാളമായി വെള്ളം കുടിക്കുക. ദിവസം കുറഞ്ഞത് രണ്ടോ മൂന്നോ ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം.
- വെളുത്തുള്ളി ധാരാളം ഗുണങ്ങളുള്ള ഒന്നാണ്. ഇത് ചർമം മികച്ചതാക്കാൻ സഹായിക്കും