അരുണാചൽ ഹെലികോപ്ടർ അപകടം ; രണ്ടു പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ച് സൈന്യം,​ അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു

Thursday 16 March 2023 7:27 PM IST

ന്യൂഡൽഹി : അരുണാചൽ പ്രദേശിൽ ഹെലികോപ്ടർ തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ച് സൈന്യം. കരസേനയുടെ ചീറ്റ ഹെലികോപ്ടറാണ് അസാമിലേക്കുള്ള യാത്രയ്ക്കിടെ തകർന്നുവീണത്. ബോംഡിലയിലെ മണ്ടാല പർവത മേഖലയിൽ വച്ചാണ് അപകടമുണ്ടായത്.

ഉച്ചയോടെ നാട്ടുകാരാണ് അപകട വിവരം സൈന്യത്തെ അറിയിച്ചത്. ഉടൻ സൈന്യവും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. എന്നാൽ പൈലറ്റും സഹപൈലറ്റും മരിച്ചതായി സൈന്യം പ്രസ്താവനയിലൂടെ അറിയച്ചു. അപകടത്തെ കുറിച്ച് സൈന്യം അന്വേഷണം പ്രഖ്യാപിച്ചു. മൃതദേഹങ്ങൾ നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.