ആരോഗ്യവകുപ്പിന്റെ ബോർഡുകൾക്ക് ആരോഗ്യമില്ല!

Thursday 16 March 2023 8:30 PM IST

കുറിച്ചി: ഇനി തുരുമ്പെടുക്കാൻ ബാക്കിയുണ്ടോ? കുറിച്ചി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് സ്ഥാപിച്ചിരിക്കുന്ന ആരോഗ്യമുന്നറിയിപ്പ് ബോർഡുകൾ തുരുമ്പെടുത്ത് നശിക്കുകയാണ്. ആരോഗ്യവകുപ്പിന്റെ ബോർഡുകൾ ആരോഗ്യം നഷ്ടപ്പെട്ട സ്ഥിതിയെന്ന് പരിഹസിക്കുന്നവരും ഏറെയാണ്. ബോർഡ് തുരുമ്പെടുത്തത് മൂലം അക്ഷരങ്ങളും മാഞ്ഞുതുടങ്ങി. ചില സ്ഥലങ്ങളിൽ ബോർഡ് തന്നെ നിലം പതിച്ച അവസ്ഥയിലും. പുളിമൂട് കവലയിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡ് സ്വകാര്യവ്യക്തിയുടെ മതിലിൽ ചാരിവെച്ച നിലയിലാണ്. കാർഗിൽ ജംഗ്ഷനിലെ ബോർഡിനാകട്ടെ ഒരു കാൽ മാത്രവും. ജനങ്ങൾക്ക് പ്രയോജനപ്പെടുംവിധം ബോർഡുകൾ മാറ്റിസ്ഥാപിക്കാൻ ആരോഗ്യവകുപ്പ് തയാറാകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.