ഉരുൾപൊട്ടൽ സാദ്ധ്യതാമേഖലയിൽ കോട്ടയവും കൈകോർക്കണം പ്രകൃതിക്കായി...

Thursday 16 March 2023 8:37 PM IST

30 ഹോട്ട് സ്പോട്ട് ലിസ്റ്റിൽ കോട്ടയം 24ാം സ്ഥാനത്ത്

കോട്ടയം: സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുന്ന ജില്ലയായി മാറിയ കോട്ടയം അതീവ ദുരന്തസാദ്ധ്യതയുള്ള ഉരുൾപൊട്ടൽ മേഖലാ ലിസ്റ്റിലുമെത്തി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്ലസിലാണ് കോട്ടയം സ്ഥാനംപിടിച്ചത്. ഇന്ത്യയിലെ 30 ഹോട്ട് സ്പോട്ട് ലിസ്റ്റിൽ ഇരുപത്തിനാലാം സ്ഥാനത്താണ് കോട്ടയം. ഹൈദരാബാദിലെ ഐ.എസ്.ആർ.ഒയുടെ റിമോട്ട് സെൻസിംഗ് സെന്ററാണ് ഹോട്ട് സ്പോട്ട് അറ്റ്ലസ് പുറത്തിറക്കിയത്. ഹിമാലയത്തോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങൾക്ക് പുറമേ പശ്ചിമഘട്ടത്തിലെ ദുരന്ത സാദ്ധ്യതാപ്രദേശങ്ങളുടെ പട്ടികയിലാണ് കോട്ടയം. കാലവർഷത്തെ തുടർന്നുള്ള ഉരുൾപൊട്ടൽ, പ്രകൃതിദത്ത കാരണങ്ങളാലുള്ളവ, മനുഷ്യനിർമ്മിതം എന്നിങ്ങനെ മൂന്നു തരത്തിലുള്ളവയെ അടിസ്ഥാനപ്പെടുത്തിയാണ് ഹൈറസലൂഷൻ കാമറകളും ഉപഗ്രഹദൃശ്യങ്ങളും അടിസ്ഥാനമാക്കി ഡാറ്റാ ബേസ് തയാറാക്കിയത്. മൂന്നിലും കോട്ടയം ഉൾപ്പെടുന്നുവെന്നതാണ് ശ്രദ്ധേയം.1998 മുതൽ 2022 വരെ ഡാറ്റാ ബേസ് വിശകലനം ചെയ്താണ് ഹോട്ട് സ്പോട്ടുകൾ തയാറാക്കിയത്.

സ്ഥിരം ഉരുൾപൊട്ടൽ മേഖല

ഭൗമാന്തർഭാഗത്തെ പാളികളിലുണ്ടാകുന്ന സ്ഥാനഭ്രംശം, ഭൂചലനം, വെള്ളപ്പൊക്കം, പാറകൾ ഇടിഞ്ഞുനീങ്ങുന്നത് തുടങ്ങിയവയാണ് മണ്ണിടിച്ചിലിന് കാരണം. വൻതോതിൽ മേൽ മണ്ണ് നീക്കം ചെയ്യൽ, കുന്ന് ഇടിച്ച് നിരപ്പാക്കൽ, വനനശീകരണം, നിർമാണ പ്രവർത്തനങ്ങളുടെ ആധിക്യം തുടങ്ങിയവയാണ് ഉരുൾപൊട്ടലിന്റെ മനുഷ്യനിർമിത കാരണങ്ങൾ. തലനാട്, തീക്കോയി, ഈരാറ്റുപേട്ട ,വെള്ളികുളം, മുണ്ടക്കയം തുടങ്ങി ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ സ്ഥിരം ഉരുൾപൊട്ടലിന് കാരണമായി ഇതെല്ലാം ശരിവെയ്ക്കുന്നു. 2018ലെ പ്രളയത്തിന് ശേഷമാണ് കോട്ടയം സ്ഥിരം ഉരുൾപൊട്ടൽ മേഖലയായി മാറിയത്.കേരളത്തിൽ ഈ വർഷം ചൂടു കൂടുതലുള്ള ജില്ലയായി മാറിയത് കോട്ടയമായിരുന്നു 35 ഡിഗ്രി സെൽഷ്യസ് മുതൽ 40ന് അടുത്ത് വരെ ഉയർന്ന ചൂടാണ് സമീപദിവസങ്ങളിൽ കോട്ടയത്ത് രേഖപ്പെടുത്തിയത്.

വരൾച്ചയും പ്രളയവും മാറിമാറിവരുന്ന കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതോടെ പ്രാദേശിക തലത്തിൽ ഇതേക്കുറിച്ച് പഠിക്കാനും പ്രതിവിധി നി‌ർദേശിക്കാനുമുള്ള സംവിധാനം അടിയന്തിരമായി ഏർപ്പെടുത്തണം. മേഘ വിസ്ഫോടന സാദ്ധ്യതയുള്ള മേഖലകളിലും അടിയന്തിര മാപ്പിംഗ് നടത്തണം.

ഡോ.റോക്സി മാത്യൂ കോൾ (ക്ലൈമറ്റ് സയന്റിസ്റ്റ് , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കൽ മെറ്ററോളജി പൂനൈ)