ചെത്ത്, മദ്യ വ്യവസായ തൊഴിലാളികൾ പണിമുടക്കിന്

Thursday 16 March 2023 8:58 PM IST

തൃശൂർ: തൃശൂർ താലൂക്കിലെ ചെത്ത്, മദ്യവ്യവസായ തൊഴിലാളികൾ 22ന് സൂചനാ പണിമുടക്ക് നടത്തും. രാവിലെ 10ന് കുട്ടനെല്ലൂരിലുള്ള ലൈസൻസി ഓഫീസിന് മുന്നിൽ ധർണയും നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. സേവന, വേതന വ്യവസ്ഥ സംബന്ധിച്ചുള്ള ലൈസൻസികളുടെ നിഷേധാത്മക സമീപനത്തിൽ പ്രതിഷേധിച്ചുള്ള സമരത്തിൽ ചേർപ്പ്, കോലഴി, തൃശൂർ റേഞ്ചുകളിലെ ചെത്ത് തൊഴിലാളികളും കള്ള് വ്യവസായ തൊഴിലാളികളും പങ്കെടുക്കും. 25 മുതൽ തൃശൂർ താലൂക്കിലെ മുഴുവൻ ചെത്ത് മദ്യ വ്യവസായ തൊഴിലാളികളും അനിശ്ചിതകാല പണിമുടക്ക് നടത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ കെ.എം.ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.മാധവൻ, കെ.കെ.പ്രകാശൻ, വി.എ.സത്യൻ, ഒ.എസ്.സുധീർ, എ.വി.ശ്രീവത്സൻ, വി.ടി.രാജീവ് എന്നിവർ പ്രസംഗിച്ചു.