രണ്ട് കുടുംബങ്ങൾ ചോദിക്കുന്നു... വഴിയൊരുക്കാൻ വഴിയുണ്ടോ...
മുണ്ടക്കയം: അവർ നീണ്ട കാത്തിരിപ്പിലാണ്... തട്ടിത്തടഞ്ഞ് വീഴാതെ നല്ലൊരു വഴിയ്ക്കായി. മൂന്നോലി പത്താം വാർഡിലെ താമസക്കാരായ പാറത്താനം തങ്കമ്മ ശശി (70), ബിനോയി ശശി എന്നിവരുടെ കുടുംബങ്ങളാണ് പ്രധാന റോഡിലേക്ക് എത്താൻ പെടാപാട് പെടുന്നത്. കഴിഞ്ഞ 50 വർഷമായി മേഖലയിലെ സ്ഥിരം താമസക്കാരാണ് ഈ രണ്ടു കുടുംബങ്ങളും. അന്നു മുതൽ ആരംഭിച്ചതാണ് വീട്ടിൽ നിന്ന് പ്രധാന റോഡിലേക്ക് എത്താൻ ഒരു നടപ്പുവഴിയ്ക്കായുള്ള ഈ കുടുംബങ്ങളുടെ പരിശ്രമം. എന്നാൽ ഒന്നും ഫലം കണ്ടില്ല. രോഗിയായ തങ്കമ്മ ഇപ്പോൾ വീടിന് പുറത്തിറങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടു. നാട്ടുകാരുടെ സഹായത്തിൽ ചുമന്നു കൊണ്ടല്ലാതെ തങ്കമ്മയ്ക്ക് ഇപ്പോൾ പ്രധാന റോഡിലേക്ക് എത്താൻ കഴിയില്ല. അത്രയ്ക്ക് ദയനീയമാണ് ഇവരുടെ വീട്ടിലേക്കുള്ള വഴിയുടെ അവസ്ഥ. പുഞ്ചവയൽ 504 റോഡിൽ നിന്നും 200 മീറ്റർ ദൂരം മാത്രമാണ് വീട്ടിലേക്കുള്ളത്. പക്ഷേ അത്രയും ദൂരം സഞ്ചരിക്കണമെങ്കിൽ ഹെലികോപ്റ്റർ തന്നെ വേണ്ടിവരും. അതുപോലെ തകർന്ന അവസ്ഥയിലാണ് ഈ വഴി. മുമ്പ് ജില്ലാ കളക്ടർക്കും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കും പരാതി നൽകിയിരുന്നു. ഉടൻ വഴി നവീകരിക്കണമെന്ന് മുഖ്യമന്ത്രി കോരുത്തോട് പഞ്ചായത്ത് അധികാരികൾക്ക് നിർദ്ദേശവും നൽകി. എന്നാൽ തുടർനടപടികൾ ഒന്നുമുണ്ടായില്ല.
രേഖകളിൽ മാത്രം
വില്ലേജിലെ രേഖകളിൽ 10 അടി വീതിയിൽ റോഡുണ്ട്. രണ്ട് വർഷങ്ങൾക്കു മുമ്പ് റോഡ് നവീകരിക്കാൻ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ റോഡ് ഉൾപ്പെട്ടിട്ടില്ല. അതുകൊണ്ട് നിർമ്മാണം നടത്താൻ സാധിച്ചില്ല. ഇപ്പോൾ ആദ്യ രജിസ്ട്രാറിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിവരുന്നതായി വാർഡ് മെമ്പർ ജാൻസി അറിയിച്ചു.