എൽ.ഡി.എഫ് സമരം അപഹാസ്യമെന്ന് മേയർ

Thursday 16 March 2023 9:31 PM IST

കണ്ണൂർ:കീറിയ റോഡുകളുടെ റിപ്പയർ പ്രവൃത്തി നേരത്തേ നിശ്ചയിച്ച പ്രകാരമാണ് നടക്കുന്നതെന്ന് മേയർ അഡ്വ.ടി.ഒ.മോഹനൻ പറഞ്ഞു. പോസ്​റ്റ് ഓഫീസ് - പാറക്കണ്ടി റോഡ് ടാറിംഗ് ഇന്നലെ പൂർത്തിയായി.കുഴിക്കുന്ന് -താളിക്കാവ് റോഡിന്റെ ടാറിംഗ് പ്രവൃത്തി തുടങ്ങി.കവിതാ തീയേ​റ്റർ മുനീശ്വരൻ കോവിൽ റോഡ് പണി നാളെ ആരംഭിക്കും. പോസ്​റ്റ് ഓഫീസ് റോഡ്, ഗേൾസ് സ്‌കൂൾ എസ്.എൻ പാർക്ക് റോഡ് ടാറിംഗ്, ഗോഖലെ റോഡ് ഇന്റർലോക്ക് എന്നിവ നേരത്തേ പൂർത്തിയാക്കി. ഈ സാഹചര്യത്തിൽ കോർപറേഷനെതിരെ സമരവുമായി എൽ.ഡി.എഫ് രംഗത്ത് വരുന്നത് അപഹാസ്യമാണെന്നും മേയർ കുറ്റപ്പെടുത്തി.

ഓഫീസിലേക്ക് കയറാനെത്തിയ ജീവനക്കാർക്ക് സംരക്ഷണമൊരുക്കാത്ത പൊലീസ് നടപടിയേയും മേയർ വിമർശിച്ചു. സമരക്കാർ ജീവനക്കാരെ തടഞ്ഞപ്പോൾ പൊലീസ് കൈയും കെട്ടി നോക്കിനിന്നു.ആവശ്യമായ സംരക്ഷണം നൽകണമെന്ന് സി​റ്റി പൊലീസ് കമ്മീഷണറോട് ഫോണിലൂടെയും രേഖാമൂലവും ആവശ്യപ്പെട്ടിട്ടും ഇതാണ് അവസ്ഥയെന്നും മേയർ കുറ്റപ്പെടുത്തി.