വയനാട്ടിൽ കാണാതായ വീട്ടമ്മ കണ്ണൂരിൽ മരിച്ച നിലയിൽ
മാനന്തവാടി: വയനാട്ടിലെ വെണ്മണി ചുള്ളിയിൽ നിന്ന് കാണാതായ വീട്ടമ്മയെ കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. ചുള്ളി ഇരട്ട പീടികയിൽ ലീലാമ്മ (65)യാണ് മരിച്ചത്. കണ്ണൂർ കോളയാട് ചങ്ങലഗേറ്റിനു സമീപത്തെ പന്നിയോട് വനത്തിലാണ് ഇന്നലെ ലീലാമ്മയുടെ മൃതദേഹം കണ്ടെത്തിയത്. വനവകുപ്പ് ജീവനക്കാരും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം സ്ഥിരീകരിച്ചു. മാർച്ച് നാലിനാണ് വീട്ടമ്മയെ കാണാതായത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. മരുന്ന് വാങ്ങണമെന്നറിയിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തലപ്പുഴ പൊലീസിൽ പരാതി നൽകി. സുൽത്താൻ ബത്തേരിയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന സ്വകാര്യ ബസിൽ ഇവർ യാത്ര ചെയ്തതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു. കണ്ണൂർ കോളയാട് ഇറങ്ങി ചങ്ങലഗേറ്റ് എന്ന സ്ഥലത്ത് എത്തിയതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ നിന്ന് കിട്ടുകയും ചെയ്തു. അവിടെ നിന്ന് നരിക്കോട്ട് മലയിലേക്ക് പോകുന്ന വനത്തിലെ വഴിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടതായി അറിയിച്ചിരുന്നു. തുടർന്ന് വനം വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ബന്ധുക്കളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച പന്നിയോട് വനമേഖലയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.