സ്വപ്നശില്പത്തിന്റെ പ്രഭ കെടുത്തി കെട്ടിട സമുച്ചയം;  പരിഭവിച്ച് കാനായി കുഞ്ഞിരാമൻ

Thursday 16 March 2023 9:47 PM IST

കാസർകോട്: ലോകപ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ ഏറ്റവും ഉയരമുള്ള ശില്പത്തിന്റെ പ്രഭ കെടുത്തി ജില്ലാ പഞ്ചായത്തിന് വേണ്ടി പണിയുന്ന ബഹുനില കെട്ടിടം ശില്പത്തെ മറയ്‌ക്കുകയാണ്. കളക്ടറേറ്റ് റോഡിന്റെ മുൻവശത്ത് നിന്ന് നോക്കിയാൽ മാത്രം കാണാവുന്ന തരത്തിലാണ് ശില്പത്തിന്റെ കിടപ്പ്. ഇപ്പോഴത്തെ സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ പ്രസിഡന്റ് ആയിരിക്കെയാണ് കാനായി കുഞ്ഞിരാമനെ ശിൽപനിർമ്മാണത്തിന് ചുമതലപ്പെടുത്തിയത്. ജില്ലാ പഞ്ചായത്തിന് മുമ്പിലെ വിശാലമായ സ്ഥലത്ത് ശിൽപം നിർമ്മിക്കാനായിരുന്നു തീരുമാനം. ഏത് കോണിൽ നിന്ന് നോക്കിയാലും ശിൽപം കാണുമെന്നും അന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നൽകിയിരുന്നു.

കാനായിയുടെ 60 വർഷത്തെ കലാ ജീവിതത്തിലെ സ്വപ്ന ശില്പമാണ് എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രതീകമായി നിർമ്മിക്കുന്ന അമ്മയും കുഞ്ഞും ശിൽപം. പതിനാറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശില്പത്തിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ ശില്പി ഇപ്പോൾ ഏറെ ദുഃഖിതനാണ്. തന്റെ സ്വപ്ന ശില്പത്തിന്റെ പ്രഭ കെടുത്തി സമീപത്ത് കെട്ടിട സമുച്ചയം ഉയരുകയാണ്. നേരത്തെ പയ്യാമ്പലം, വേളി, ശംഖുമുഖം തുടങ്ങിയ സ്ഥലങ്ങളിലെ ശില്പങ്ങൾ വികലമാക്കപ്പെട്ടപ്പോൾ കാനായി കേരളശ്രീ പുരസ്കാരം നിരസിച്ച് പ്രതിഷേധിച്ചിരുന്നു.

സാങ്കേതിക തടസങ്ങൾ കാരണം വർഷങ്ങളായി മുടങ്ങിക്കിടന്ന അമ്മയും കുഞ്ഞും ശിൽപത്തിന്റെ നിർമ്മാണം നാലുമാസം മുമ്പാണ് പുനരാരംഭിച്ചത്. ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്ത് 2006ലാണ് 20 ലക്ഷം ചിലവിൽ ശിൽപം ഒരുക്കാൻ തീരുമാനമെടുത്തത്. അന്നത്തെ പ്രസിഡന്റ് എം.വി.ബാലകൃഷ്ണന്റെ നിർബന്ധപ്രകാരം നിർമ്മാണ ചുമതല ശിൽപി കാനായി കുഞ്ഞിരാമനെ ഏൽപ്പിക്കുകയായിരുന്നു. അതിനിടെ ഭരണപക്ഷത്തുണ്ടായിരുന്ന ഐ.എൻ.എല്ലിൽ ഒരു വിഭാഗം ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗിൽ ചേർന്നതിനെ തുടർന്ന് ഭൂരിപക്ഷം നഷ്‌ടപ്പെടുകയും അന്നത്തെ ഭരണസമിതി രാജിവെക്കുകയും ചെയ്‌തതോടെ ശിൽപ നിർമ്മാണവും നിലച്ചു. പിന്നീട് പലതവണ നിർമ്മാണം തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇപ്പോഴത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ ഇടപെടലുകളെ തുടർന്നാണ് കാനായി ശില്പ നിർമ്മാണം തുടരാൻ സമ്മതിച്ചത്.

രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകും

രണ്ടുമാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് കാനായി. സിമന്റും ഇഷ്ടികയും, മണലും ചേർത്താണ് 40 അടി ഉയരമുള്ള ദുരിത ബാധിതയായ അർദ്ധ നഗ്ന രൂപത്തിലുള്ള അമ്മയും കുഞ്ഞും പ്രതിമ ഉയരുന്നത്.

ഇത് വല്ലാത്തൊരു ക്രൂരതയായി പോയി. ബഹുനില കെട്ടിടങ്ങൾക്ക് ഇടയിൽ ഈ ശില്പങ്ങൾ ഇനി ആര് കാണാനാണ്. ജന്മനാട്ടിൽ ഇങ്ങനെയൊരു അവസ്ഥ വന്നതിൽ ഖേദമുണ്ട്, അറ്റത്തുണ്ടായ കെട്ടിടം അടുത്തേക്ക് വന്നു. സർക്കാറിന് ഇപ്പോൾ ശില്പമല്ല വേണ്ടത് കെട്ടിടങ്ങളാണ്. കലകൾ കൊണ്ട് കേരളത്തെ വളർത്തണം. അന്നത്തെ മന്ത്രി ഡോ.എം.കെ മുനീർ പ്രത്യേകം താല്പര്യമെടുത്ത് ഫണ്ട് അനുവദിച്ചത് കൊണ്ട് മാത്രമാണ് ശില്പ നിർമ്മാണം ഏറ്റെടുത്തത്.

-കാനായി കുഞ്ഞിരാമൻ

Advertisement
Advertisement