മാഹി വടകര ജലപാത രണ്ട് വർഷത്തിനകം പൂർത്തിയാക്കും
മാഹി: വിനോദ സഞ്ചാര മേഖലയേയും, കാർഷിക മേഖലയേയും പരിപോഷിപ്പാൻ ലക്ഷ്യമിട്ടുള്ള മയ്യഴിപ്പുഴയേയും കുറ്റിയാടിപ്പുഴയേയും ബന്ധിപ്പിക്കുന്ന 17.61 കിലോമീറ്റർ കനാൽ യാഥാർത്ഥ്യമാവുന്നു. വടകരമാഹി കനാൽ ജലപാത വികസനം 2025ൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിൽ കെ.പി. കുഞ്ഞമ്മദ്കുട്ടിയുടെ എം.എൽ.എ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
മാഹി വടകര കനാൽ പ്രവൃത്തിയുടെ സ്ഥലം ഏറ്റെടുപ്പിനായി 25.30 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.അഞ്ച് ഘട്ടങ്ങളിലായാണ് പ്രവൃത്തി പുരോഗമിക്കുന്നത്. മാഹി വടകര കനാൽ പ്രവൃത്തിയുടെ മൂന്നാം റീച്ചിലെ ഉയർന്ന കട്ടിംഗ് ആവശ്യമുള്ള ഭാഗത്ത് പ്രത്യേക സംരക്ഷണ പ്രവൃത്തിക്കുള്ള കരടു പദ്ധതി സമർപ്പിച്ചെങ്കിലും, പ്രവൃത്തി നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. മൂന്നാം റീച്ച് പ്രവൃത്തി ആരംഭിച്ചാൽ മാത്രമേ വടകരമാഹി കനാൽ പ്രവൃത്തി 2025ൽ പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. മൂന്നാം റീച്ച് പ്രവൃത്തികൾക്ക് എൽ.ബി.എസ് തിരുവനന്തപുരം തയാറാക്കിയ ഡിസൈൻ പരിഷ്‌കരിക്കാനും ഈ ഭാഗത്തെ മണ്ണിന്റെ പ്രത്യേകത പരിഗണിച്ച് കനാലിന്റെ കരകൾ ബലപ്പെടുത്താനും 'റോക്ക് ബോൾട്ട് വിത്ത് വയർ മെഷ് ഫാസിങ്' സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംരക്ഷണ പ്രവൃത്തിയുടെ സാദ്ധ്യതകൾ പഠിക്കാൻ കിഫ്ബി എക്സിക്യൂട്ടിവ് ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
എൽ.ബി.എസിന്റെ മാർഗ നിർദേശത്തോടെ ഇതിനായുള്ള പരിശോധനകൾ നടത്താൻ എസ്റ്റിമേറ്റ് തയാറാക്കിവരുകയാണ്. പ്രവൃത്തി പൂർത്തിയാവുന്നതോടെ കാർഷിക വ്യാവസായിക വിനോദ സഞ്ചാര മേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്നതാണ് പദ്ധതി മയ്യഴി പുഴയോരത്തെ മാഹി, ന്യമാഹി പ്രദേശങ്ങളിൽ പുഴയെ കേന്ദ്രീകരിച്ച് വൻ ടൂറിസം പദ്ധതികൾ നടപ്പിലാക്കി വരികയാണ്. ഇതു കൂടി യാഥാർത്ഥ്യമായാൽ കണ്ണൂർ കോഴിക്കോട് ജില്ലകളെയും കേന്ദ്ര ഭരണ പ്രദേശമായ മയ്യഴിയേയും ബന്ധിപ്പിക്കുന്ന വൻ പദ്ധതിയായി ഇത് മാറ്റപ്പെടും.