ശ്രീരാമസേവ പുരസ്‌കാരം പത്മനാഭൻ എമ്പ്രാന്തിരിക്ക്
തൃപ്രയാർ: തൃപ്രയാർ ക്ഷേത്രത്തിൽ തൃക്കോൽ ശാന്തിയായും തേവരുടെ മകയീര്യം പുറപ്പാട് മുതൽ ഉത്രം വിളക്ക് വരെ നീണ്ട് നിൽക്കുന്ന ആറാട്ടുപുഴ പൂര ചടങ്ങുകളിൽ പതിറ്റാണ്ടുകളോളം സേവനം ചെയ്ത പത്മനാഭൻ എമ്പ്രാന്തിരിയെ തൃപ്രയാർ ക്ഷേത്ര പാരമ്പര്യ അവകാശ നിവർത്തന സമിതി ശ്രീരാമസേവ പുരസ്‌കാരം നൽകി ആദരിക്കും. സുവർണ മുദ്രയും ശിൽപ്പവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. പാരമ്പര്യ അവകാശികളെയും ആദരിക്കും. മാർച്ച് 27ന് വൈകിട്ട് നാലിന് തൃപ്രയാർ രാധകൃഷ്ണ കല്യാണ മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം തൃപ്രയാർ ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ പുരസ്‌കാരം സമ്മാനിക്കുമെന്ന് പാരമ്പര്യ അവകാശ നിവർത്തന സമിതി പ്രസിഡന്റ് ഡോ.പി.ആർ.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, സെക്രട്ടറി കൃഷ്ണകുമാർ ആമലത്ത് എന്നിവർ അറിയിച്ചു.