ചേർത്തല ഓട്ടോ കാസ്റ്റിൽ, കറണ്ട് ബി​ല്ല് 83.99 കോടി​; മന്ത്രി​തലത്തി​ൽ തടി​യൂരി​!

Friday 17 March 2023 12:30 AM IST

ചേർത്തല: സംസ്ഥാന പൊതുമേഖല സ്ഥാപനമായ ചേർത്തല ഓട്ടോകാസ്​റ്റിൽ കുടിശ്ശികയെ തുടർന്നു വിച്ഛേദിച്ച വൈദ്യുതി, മണി​ക്കൂറുകൾക്കൊടുവി​ൽ വകുപ്പ് മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് പുന:സ്ഥാപിച്ചു.

83.99 കോടി വൈദ്യുതി ചാർജ് കുടിശ്ശികയുള്ള സ്ഥാപനത്തിൽ ഇന്നലെ ഉച്ചയ്ക്ക് വിച്ഛേദിച്ച വൈദ്യുതി വൈകിട്ട് 6.15 ഓടെയാണ് പുനഃസ്ഥാപിച്ചത്. കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കുടിശ്ശികയാണ് 83 കോടി. തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി വിച്ഛേദിക്കൽ നോട്ടീസ് നൽകിയിരുന്നു. 2022 സെപ്തംബർ മുതൽ 2023 ഫെബ്രുവരി വരെയുള്ള രണ്ടുകോടിയോളം വരുന്ന കുടിശ്ശികയെങ്കിലും 15 ദിവസത്തിനുള്ളിൽ അടയ്ക്കാനാണ് നോട്ടീസ് നൽകിയത്. മാർച്ച് 15ന് ഈ കാലാവധി തീർന്നപ്പോഴാണ് ഫ്യൂസ് ഊരി​യത്. ഫെബ്രുവരിയി​ലെ ബിൽ തുകയായ 32.68 ലക്ഷം രൂപ ഇന്ന് അടയ്ക്കാമെന്ന വ്യവസ്ഥയിലാണ് മന്ത്രിതല ഇടപെടലിൽ വൈദ്യുതി പുന:സ്ഥാപിച്ചത്.