മനക്കോടം ലൈറ്റ് ഹൗസ് നവീകരണം
Friday 17 March 2023 12:42 AM IST
തുറവൂർ : വർഷങ്ങൾ പഴക്കമുള്ള മനക്കോടം ലൈറ്റ് ഹൗസിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വർഷകാലത്ത് വെള്ളക്കെട്ടിലാകുന്ന ലൈറ്റ് ഹൗസ് അങ്കണം പുഴി നിറച്ച് ഉയർത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ജീർണ്ണാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി ലൈറ്റ് ഹൗസ് ജീവനക്കാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സും ഓഫീസ് കെട്ടിടവും നിർമ്മിക്കും. അന്ധകാരനഴി ബീച്ചിന് സമീപം 33.3 മീറ്റർ ഉയരത്തിൽ ചതുരാകൃതിയിലുള്ള മനക്കോടം ലൈറ്റ് ഹൗസ് 1979 ലാണ് നിർമ്മിച്ചത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് നവീകരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. കേന്ദ്രസർക്കാരിന്റെ "സാഗർ മാല ' എന്ന പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ച തുക വിനിയോഗിച്ചാണ് നവീകരണം.