സൈനിക കോപ്ടർ തകർന്ന് കേണലും മേജറും കൊല്ലപ്പെട്ടു

Friday 17 March 2023 12:52 AM IST

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ഇന്ത്യ - ചൈന അതിർത്തിയായ ബോംഡിലയ്‌ക്ക് സമീപം കരസേനയുടെ ചീറ്റ ഹെലികോപ്ടർ തകർന്ന് ലെഫ്റ്റനന്റ് കേണലും മേജറും കൊല്ലപ്പെട്ടു. പൈലറ്റ് ലെഫ്റ്റനന്റ് കേണൽ വി. വി. ബി റെഡ്ഡിയും കോ പൈലറ്റ് മേജർ എ. ജയന്തുമാണ് കൊല്ലപ്പെട്ടത്

സേനാ വിന്യാസത്തിന്റെ ഭാഗമായി പറക്കുന്നതിനിടെയാണ് അപകടം.

മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് കരുതുന്നു.സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു.

ഇന്നലെ രാവിലെ സാംഗെ ഗ്രാമത്തിൽ നിന്ന് അസാമിലെ സോനിത്പൂർ ജില്ലയിലെ മിസാമാരിയിലേക്ക് പുറപ്പെട്ടതാണ് കോപ്ടർ. 9.15ന് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമാവുകയും തുടർന്ന് കാണാതാവുകയുമായിരുന്നു. അരുണാചലിലെ മണ്ടല പ്രദേശത്തിന് കിഴക്ക് ബംഗ്ളാജാപ്പിലാണ് കോപ്റ്റർ തകർന്നു വീണത്. ഇന്നലെ ഉച്ചയോടെ ഇവിടത്തെ ഗ്രാമവാസികൾ കത്തിക്കരിഞ്ഞ കോപ്റ്റർ കണ്ടെത്തുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. കരസേനയുടെയും ഇൻഡോ - ടിബറ്റൻ അതിർത്തി പൊലീസിന്റെയും ഉൾപ്പെടെ അഞ്ച് സംഘങ്ങളെ തെരച്ചിലിന് നിയോഗിച്ചു. പ്രതികൂല കാലാവസ്ഥയിൽ ഏറെ നേരത്തെ തെരച്ചിലിലാണ് കോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

പഴകിയ കോപ്റ്ററുകൾ

വ്യോമസേനയുടെയും കരസേനയുടെയും പക്കലുള്ള ചീറ്റ, ചേതക് കോപ്റ്ററുകൾ കാലപ്പഴക്കമുള്ളവയാണ്. ഇവ മാറ്റണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. നിലവിൽ ഇത്തരം ഇരുനൂറോളം കോപ്റ്ററുകളാണ് സർവീസിലുള്ളത്.

Advertisement
Advertisement