ചെറിയ അളവിൽ മരുന്ന് സൂക്ഷിച്ച ഡോക്ടർക്കെതിരെ കേസ് പാടില്ല
ന്യൂ ഡൽഹി: ചെറിയ അളവിൽ മരുന്ന് സൂക്ഷിച്ചതിന് ഡോക്ടർക്കെതിരെ കേസെടുക്കാൻ പറ്റില്ലെന്ന് സുപ്രീംകോടതിയുടെ ശ്രദ്ധേയ നിരീക്ഷണം. തമിഴ്നാട്ടിലെ വനിത ഡോക്ടർക്കെതിരെയുളള കേസിന്റെ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് കൃഷ്ണ മുരാരി അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. ചെറിയ അളവിലുളള മരുന്നുകൾ ഡോക്ടർമാർ ക്ലിനിക്കിലും വീടുകളിലും സൂക്ഷിക്കാറുണ്ട്. ഇത് ഡ്രഗ്സ് ആൻഡ് കോസ്മറ്റിക്സ് നിയമത്തിലെ അനധികൃത സ്റ്റോക്ക് ചെയ്യലിന്റെ പരിധിയിൽ വരില്ലെന്ന് കോടതി വ്യക്തമാക്കി.
തമിഴ്നാട്ടിലെ ത്വക്രോഗ വിദഗ്ദ്ധയായ ഡോ. എസ്. ആദിലക്ഷ്മിയാണ് ഡ്രഗ് ഇൻസ്പെക്ടറുടെയും എഗ്മോറിലെ മജിസ്ട്രേട്ട് കോടതിയിലെയും കേസ് നടപടികൾ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. രോഗികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ മരുന്നുകൾ ഉടൻ നൽകേണ്ടി വരുമെന്നും നിയമം തന്നെ ഇതിന് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.