മഹാരാഷ്‌ട്രയ്‌ക്ക് നിർണായകം; ശിവസേന അധികാര തർക്കം വിധി പറയാൻ മാറ്റി

Friday 17 March 2023 1:41 AM IST

ന്യൂഡൽഹി: മഹാരാഷ്‌ട്ര ശിവസേനയിലെ അധികാരത്തർക്കവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി വിധി പറയാൻ മാറ്റി. ഉദ്ധവ് താക്കറെ - ഏക്‌നാഥ് ഷിൻഡെ വിഭാഗങ്ങളുടെയും ഗവർണറുടെയും വാദമുഖങ്ങൾ പൂർത്തിയായതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ നടപടി.

ഉദ്ധവ് താക്കറെയോട് വിശ്വാസം തെളിയിക്കാൻ ആവശ്യപ്പെടാൻ ഗവർണർക്ക് അധികാരമുണ്ടോ എന്ന വിഷയമടക്കം കോടതി പരിഗണിച്ചു. വിശ്വാസം തെളിയിക്കാനുളള ഗവ‌ർണറുടെ നിർദ്ദേശം ഭരണഘടനാവിരുദ്ധമാണെന്ന് കണ്ടെത്തിയാൽ അടുത്ത നടപടിയെന്താകുമെന്ന് വാദം കേൾക്കവേ കോടതി ആരാഞ്ഞു. മഹാവികാസ് അഘാഡി സർക്കാർ പുനഃസ്ഥാപിക്കുമെന്ന് താക്കറെയുടെ അഭിഭാഷകൻ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നടത്താതെ രാജിവച്ച സാഹചര്യത്തിൽ എങ്ങനെ തിരിച്ചുവരൽ സാദ്ധ്യമാകുമെന്നായിരുന്നു കോടതിയുടെ പ്രതികരണം.

നിയമസഭാംഗങ്ങളെ അയോഗ്യരാക്കാനുളള സ്‌പീക്കറുടെ അധികാരവുമായി ബന്ധപ്പെട്ട നബാം റെബിയ കേസിലെ വിധി ഏഴംഗ ബെഞ്ചിലേക്ക് വിടണമോയെന്നത് സുപ്രീംകോടതി പരിഗണിച്ചിരുന്നെങ്കിലും തീരുമാനമെടുക്കുന്നത് മാറ്രിവച്ചിരുന്നു. എല്ലാ ഹർജികളിലും വാദം കേട്ട ശേഷം തീരുമാനമെടുക്കാമെന്നായിരുന്നു നിലപാട്. സ്‌പീക്കർക്കെതിരെ അയോഗ്യതാ നോട്ടീസ് നിലവിലിരിക്കെ അദ്ദേഹത്തിന് നിയമസഭാംഗങ്ങളുടെ അയോഗ്യതയിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നായിരുന്നു നബാം റെബിയ കേസിലെ വിധി. ഉദ്ധവ് താക്കറെ - ഏക്‌നാഥ് ഷിൻഡെ വിഭാഗങ്ങൾ തമ്മിലുളള തർക്കത്തിനിടെ 2022 ജൂലായിലായിരുന്നു മഹാരാഷ്ട്രയിലെ അധികാരമാറ്റം.