ലൈഫ് മിഷൻ കോഴ : രേഖകൾ സി.ബി.ഐക്ക് കൈമാറിയെന്ന് അനിൽ അക്കര

Friday 17 March 2023 1:05 AM IST

തൃശൂർ : ലൈഫ് മിഷൻ കോഴയിടപാടിൽ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി അനിൽ അക്കര സി.ബി.ഐക്ക് പരാതി നൽകി. ഇടപാട് സംബന്ധിച്ച് ലൈഫ് മിഷൻ സി.ഇ.ഒ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയ കത്തുൾപ്പെടെയുള്ള രേഖകൾ സഹിതമാണ് പരാതി.

എം.ശിവശങ്കറിന്റെ അറസ്റ്റ് ചെയ്ത ഘട്ടത്തിൽ ഇ.ഡി കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടും കൈമാറി. ലൈഫ് മിഷൻ ഇടപാടിലെ ഗൂഢാലോചനയിൽ മുഖ്യമന്ത്രി പങ്കാളിയാണെന്ന് തെളിയിക്കുന്നതാണ് രേഖകളെന്നും ഈജിപ്ഷ്യൻ പൗരൻ ഖാലിദ് കടത്തിയ ഡോളർ മുഖ്യമന്ത്രിക്കുൾപ്പെടെ ലഭിച്ച അഴിമതിപ്പണമെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.

വിദേശ നാണയ വിനിമയ ചട്ടത്തിന് പുറമെ അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കണം. മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിച്ച് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.

Advertisement
Advertisement