ശാർക്കര മീനഭരണിക്ക് ഭക്തിനിർഭരമായ തുടക്കം

Friday 17 March 2023 4:03 AM IST

ചിറയിൻകീഴ്: ചരിത്ര പ്രസിദ്ധമായ ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് ഭക്തി നിർഭരമായ തുടക്കം. ക്ഷേത്ര തന്ത്രി തരണനല്ലൂർ സജി ഗോവിന്ദൻ നമ്പൂതിരിയുടെയും മേൽശാന്തി തോട്ടയ്ക്കാട് കിഴക്കേ മഠം പ്രകാശ് നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ സ്വർണക്കൊടിമരത്തിൽ തൃക്കൊടിയേറിയതോടെയാണ് പത്തുദിവസത്തെ ഉത്സവത്തിന് തുടക്കമായത്. കൊടിയേറ്റ് ദർശിക്കാനായി നൂറുകണക്കിന് ഭക്തർ എത്തിയിരുന്നു. മാർച്ച് 25ന് വെളുപ്പിന് 3ന് ഉരുൾ സന്ധിപ്പ്, രാവിലെ 8.30ന് ഗരുഢൻ തൂക്കം, രാത്രി തിരുആറാട്ട് എന്നിവയോടെ ഉത്സവം സമാപിക്കും.

ക്ഷേത്രത്തിന് 5 കിലോമീറ്റർ ചുറ്റളവ് ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തും. ക്ഷേത്രവും പരിസര പ്രദേശങ്ങളും ദീപാലങ്കാരങ്ങളാൽ കമനീയമാക്കിയിട്ടുണ്ട്. രണ്ടാം ഉത്സവ ദിവസമായ ഇന്ന് രാവിലെ 4.30ന് നിർമാല്യദർശനം, 5ന് മഹാഗണപതിഹോമം, 6ന് ഉഷപൂജ, 8ന് ശ്രീഭൂതബലി എഴുന്നളളത്ത്, 8.30 മുതൽ 4 വരെ നാരായണീയം പാരായണം, 11.30ന് കളഭാഭിഷേകം, ഉച്ചപൂജ, വൈകുന്നേരം 4.30ന് രാഗലയസന്ധ്യ, 5.30ന് കാഴ്ചശ്രീബലി എഴുന്നളളത്ത്, 6ന് തിരുവാതിരക്കളി, 6.30ന് ദീപാരാധന, 6.45ന് ഭക്തി ഗാനമേള, രാത്രി 7.30ന് അത്താഴപൂജ, 8.30ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 9.30ന് കൈരളി റ്റി.വി ഗന്ധർവ്വസംഗീതം ഫെയിം ശ്രീധുമോഹൻ നയിക്കുന്ന ഗാനമേള എന്നിവയുണ്ടായിരിക്കും.