പാരിപ്പള്ളിയും വർക്കലയും ചെങ്കടലായി, ജനകീയ പ്രതിരോധ ജാഥയ്‌ക്ക് ഗംഭീര സ്വീകരണം

Friday 17 March 2023 2:03 AM IST

വർക്കല: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും കേരളത്തോടുള്ള അവഗണനയ്ക്കും വർഗീയതയ്‌ക്കുമെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്‌ക്ക് ജില്ലാ അതിർത്തിയായ പാരിപ്പള്ളി മുക്കടയിൽ ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.

ജാഥയെ വരവേൽക്കാൻ ജില്ലയിലെ നേതാക്കളുടെയും പ്രവർത്തകരുടെയും വൻനിരയാണ് പാരിപ്പള്ളിയിലെത്തിയത്. ഇന്നലെ ഉച്ചയോടെ തന്നെ ജില്ലാ അതിർത്തിയെ പ്രവർത്തകർ ചെങ്കടലാക്കി. ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് ജാഥയെ വരവേറ്റത്. പാളയംകുന്ന്,അയിരൂർ,നടയറ,പുന്നമൂട് വഴി വർക്കല റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിച്ചേർന്ന ജാഥയ്‌ക്ക് വർക്കല നഗരസഭ കാര്യാലയത്തിന് മുന്നിൽ റെഡ് വോളന്റിയേഴ്സ് ഗാർഡ് ഒഫ് ഓർണർ നൽകി. തുടർന്നായിരുന്നു സ്വീകരണ കേന്ദ്രമായ വർക്കല മൈതാനിയിലേക്ക് എം.വി.ഗോവിന്ദൻ പ്രവേശിച്ചത്. ബാലസംഘം കുട്ടികൾ ചുവന്ന ബലൂണുകളുമായാണ് സെക്രട്ടറിയെ സ്വീകരണ സ്ഥലത്തേക്ക് വരവേറ്റത്.

സി.പി.എമ്മിന്റെയും പോഷക സംഘടനകളുടെയും ആയിരക്കണക്കിന് പ്രവർത്തകർ ജാഥയെ വരവേൽക്കാനെത്തി. ജാഥാ ക്യാപ്‌ടനെയും അംഗങ്ങളെയും രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ മേഖലയിലെ പ്രമുഖർ പുസ്തകങ്ങൾ നൽകി സ്വീകരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എസ്.ഷാജഹാൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, സംഘടനാ സമിതി ഭാരവാഹികളായ മന്ത്രി വി.ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വിജയകുമാർ, എ.എ. ഹീം എം.പി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി.മുരളി,ജില്ലാ കമ്മിറ്റിയംഗം മടവൂർ അനിൽ, ഒ.എസ്.അംബിക എം എൽ.എ, പുഷ്പലത,സുനിൽകുമാർ, സി.പി.എം വർക്കല ഏരിയാ സെക്രട്ടറി എം.കെ.യൂസഫ്,വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്‌മിത സുന്ദരേശൻ, എസ്.രാജീവ്, കെ.ആർ.ബിജു, ബി.എസ്.ജോസ്, ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശിനി തുടങ്ങിയവർ പങ്കെടുത്തു.