സതീശനെ കാണാൻ കടകംപള്ളിയെത്തി,​ ആദ്യം റേഷൻ കാർഡും പിന്നെ പെൻഷനും കിട്ടും

Friday 17 March 2023 2:22 AM IST

തിരുവനന്തപുരം: ആനയറയിലെ പഴയ പമ്പ് ഹൗസിനു മുന്നിലെത്തിയ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ തന്റെ നേരെയാണ് നടന്നുവരുന്നതെന്ന് കണ്ടപ്പോൾ സതീശൻ എണീറ്റു.'നിന്നെ കുറിച്ചുള്ള വാർത്ത കേരളകൗമുദിയിൽ വന്നത് കണ്ടിട്ടാണ് ഞാൻ ഇങ്ങോട്ടു വന്നത്' കടകംപള്ളി പറഞ്ഞു. സതീശൻ ചിരിച്ചു.

രംഗന്റെ ഇളയ സഹോദരനാണോ നീ? അതെ എന്ന് തലകുലുക്കി നിന്നു സതീശൻ. നീ കല്യാണം കഴിച്ചില്ലേ? 'ഇല്ല' ഇപ്പോൾ എവിടെയാ കിടക്കുന്നത്?'

'ദാ ഇതിനകത്താ...'പമ്പ് ഹൗസ് ചൂണ്ടി സതീശൻ പറഞ്ഞു. ഇതു പൊളിക്കുമ്പോഴോ?

'അറിയില്ല'

'നിനക്ക് ഭൂമിയൊന്നും ഇല്ലേ?'

'അച്ഛനുംഅമ്മയും തന്ന ഭൂമി?.ഒൻപത് ഷെയറുണ്ടായിരുന്നു അതു വിറ്റു.'

'വികലാംഗ പെൻഷൻ വല്ലതും കിട്ടുന്നില്ലേ?'

'അതിനു വേണ്ടി ആശാവർക്കർ ഫോം പൂരിപ്പിച്ചു തന്നിരുന്നു. 'റേഷൻ കാർഡില്ലാത്തതിനാൽ അതു നടന്നില്ല.'

കടകംപള്ളി സുരേന്ദ്രൻ ഫോൺ എടുത്ത് താലൂക്ക് സപ്ലൈ ഓഫീസറെ വിളിച്ചു.വിവരങ്ങൾ അറിയിച്ചു. സതീശന് എത്രയും വേഗം റേഷൻ കാർഡ് ലഭ്യമാക്കാൻ വേണ്ടത് ചെയ്യാമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. കാർഡ് കിട്ടി കഴിഞ്ഞാലുടൻ വികലാംഗ പെൻഷൻ ലഭ്യമാക്കാമെന്ന് എം.എൽ.എ അറിയിച്ചപ്പോൾ സതീശന്റെ മുഖത്ത് പു‌ഞ്ചിരി.

നാളെത്തന്നെ വെൺപാലവട്ടത്തെ സർക്കാർ ആശുപത്രിയിൽ പോയി കാലിലെ മുറിവ് വച്ച് കെട്ടണമെന്ന് സതീശനോടു പറഞ്ഞിട്ടാണ് കടകംപള്ളി മടങ്ങിയത്.ഏതു നിമിഷവും തന്റെ വാസസ്ഥാനം നഷ്ടപ്പെടുമെന്ന് കരുതി തുണിയും മറ്റുമെല്ലാം ഒരു പഴയ പെട്ടിയിലാക്കി പമ്പ് ഹൗസിനു പുറത്തു വച്ചപ്പോഴാണ് സതീശനെ കാണാൻ കടകംപള്ളി സുരേന്ദ്രനെത്തിയത്.

ആനയറയുടെ അടയാളമായ പമ്പ് ഹൗസ് റോഡ‌് വികസനത്തിന്റെ ഭാഗമായി പൊളിക്കുമ്പോൾ സതീശന് (51) അന്തിക്ക് തല ചായ്ക്കാനുള്ള ഇടം നഷ്ടപ്പെടുമെന്ന് ഇന്നലെയാണ് കേരളകൗമുദി റിപ്പോർട്ട് ചെയ്തത്. രാവിലെ നിയമസഭയിലെത്തിയ ശേഷം വീട്ടിലേക്കു മടങ്ങുംവഴിയാണ് മുൻ മന്ത്രികൂടിയായ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ആനയറയിലിറങ്ങിയത്.

റോഡ് നിർമ്മാണം

അടുത്ത മാസം പകുതിയോടെ

അടുത്ത മാസം പകുതിയോടെ റോ‌ഡ് വീതി കൂട്ടുന്ന നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്ന് കടകംപള്ളി സുരന്ദ്രേൻ പറഞ്ഞു. ടെൻ‌‌ഡർ 23ന് തുറക്കും. വാട്ടർ അതോറിട്ടി, സ്വിവേജ് പൈപ്പുകൾ കൂടാതെ ഇലക്ട്രിസിറ്റി ഭൂഗർഭ കേബിളും സിറ്റി ഗ്യാസ് ലൈനും കടന്നുപോകാൻ പ്രത്യേക ഭൂഗർഭപാത റോഡിനടിയിലായി ഒരുക്കും. 14 മീറ്ററിലാണ് റോഡ് വികസനം.നിർമ്മാണം തുടങ്ങുന്നതിനു മുമ്പ് പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും യോഗം വിളിച്ചുചേർക്കും.ഒരു വശത്ത് നിർമ്മാണം നടക്കുമ്പോൾത്തന്നെ മറുവശത്ത് കൂടി ഗതാഗതം സാദ്ധ്യമാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement