ആരോഗ്യ ഡേറ്റ വേണം: വി.ഡി സതീശൻ

Friday 17 March 2023 1:36 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ ഡേറ്റ വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ബ്രഹ്മപുരത്തുണ്ടായ തീപിടിത്തത്തിന്റെ ഉത്തരവാദികൾക്കെതിരെ നിയമനടപടിയെടുക്കുക, സമാന ദുരന്തങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശാസ്ത്രവേദി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡ് വന്നപ്പോഴെങ്കിലും സർക്കാർ ഡേറ്റ തയ്യാറാക്കണമായിരുന്നു.അടുത്തൊരു മഹാമാരി വന്നാൽ എങ്ങനെ നേരിടാം എന്ന് ആ ഡേറ്റ ഉപയോഗിച്ച് വിലയിരുത്താം. ബ്രഹ്മപുരത്ത് മാലിന്യം കത്തിയപ്പോൾപ്പോലും ആരോഗ്യ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ തയ്യാറാകുന്നില്ല.അതിന് വേണ്ടി ഒരു സമിതിയെപ്പോലും നിയോഗിക്കുന്നില്ല.മുഖ്യമന്ത്രി ബ്രഹ്മപുരം എന്ന വാക്കുപോലും മിണ്ടുന്നില്ല. ദുരന്തങ്ങളുണ്ടായാൽ സർക്കാർ ക്രൈസിസ് മാനേജ്മെന്റ് വഴി ഇടപെടലുകൾ നടത്തണം.അത് ഉണ്ടായിട്ടില്ല.

മൂന്ന് തവണ കൊവിഡ് വന്ന് നിമോണിയ ബാധിച്ചയാളാണ് താൻ. ബ്രഹ്മപുരത്ത് പോയാൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും പോയി.സർക്കാരിന്റെ ഇടപെടൽ ഫലപ്രദമല്ലെന്നും സതീശൻ പറഞ്ഞു.ശാസ്ത്രവേദി സംസ്ഥാന പ്രസിഡന്റ് ഡോ.വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അഡ്വ. മരുതംകുഴി സതീഷ് കുമാർ,കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്, ജില്ലാ സെക്രട്ടറി സജു എന്നിവർ പങ്കെടുത്തു.