രാഷ്ട്രപതി തലസ്ഥാനത്ത്, ഇന്ന് അമൃതപുരിയിൽ

Friday 17 March 2023 1:49 AM IST

തിരുവനന്തപുരം: കൊച്ചിയിലെ പരിപാടികൾക്കുശേഷം രാഷ്ട്രപതി ദ്രൗപതി ഇന്നലെ രാത്രി ഏഴരയോടെ സേനാവിമാനത്തിൽ തലസ്ഥാനത്ത് എത്തി. ഹയാത്ത് റീജൻസി ഹോട്ടലിലെ പ്രസിഡൻഷ്യൽ സ്യൂട്ടിൽ വിശ്രമിച്ചു. ഇന്ന് രാവിലെ 8.20നു വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ കായംകുളത്തേക്കു പോകും. അവിടെ എൻ.ടി.പി.സി ഹെലിപ്പാഡിൽ ഇറങ്ങിയ ശേഷം കാറിൽ വള്ളിക്കാവിലേക്ക് പോകും. 9.30 മുതൽ 10 വരെ മാതാ അമൃതാനന്ദമയി മഠത്തിൽ സ്വകാര്യ സന്ദർശനമാണ്.

തിരികെ 11.10ന് തിരുവനന്തപുരത്ത് എത്തും.11.35ന് കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ കുടുംബശ്രീ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും.12.45ന് ഹയാത്ത് റീജൻസിയിലേക്ക് മടങ്ങും. രാത്രി ഏഴരയ്ക്ക് ഇതേ ഹോട്ടലിൽ ഗവർണർ അത്താഴവിരുന്ന് നൽകും. മുഖ്യമന്ത്രി, പത്നി കമല, മന്ത്രിമാർ, ചീഫ്സെക്രട്ടറി, ഡി.ജി.പി, അഡി.ചീഫ്സെക്രട്ടറിമാർ അടക്കം 40പേർക്ക് ക്ഷണമുണ്ട്.

18ന് രാവിലെ എട്ടരയ്ക്ക് വ്യോമസേനയുടെ ഹെലികോപ്ടറിൽ കന്യാകുമാരിയിലെത്തുന്ന രാഷ്ട്രപതി 10.10മുതൽ പത്തരവരെ വിവേകാനന്ദ കേന്ദ്രം സന്ദർശിക്കും. വിവേകാനന്ദ സ്മാരകം, തിരുവള്ളുവർ പ്രതിമ , ഗാന്ധിമണ്ഡപം എന്നിവ കാണും. തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം ഒന്നരയ്ക്ക് വ്യോമസേനാ വിമാനത്തിൽ ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പോവും. അവിടെ നിന്ന് 21ന് കൊച്ചിയിൽ മടങ്ങിയെത്തിയ ശേഷമായിരിക്കും ഡൽഹിയിലേക്ക് മടങ്ങുക.

 പ്രസിഡൻഷ്യൽ സ്യൂട്ടിന് ഒരു ലക്ഷത്തോളം വാടക

ഹയാത്ത് റീജൻസിയിൽ രാഷ്ട്രപതി താമസിക്കുന്ന അത്യാഡംബരമായ പ്രസിഡൻഷ്യൽ സ്യൂട്ടിന് ദിവസം ഒരു ലക്ഷത്തോളം വാടകയുണ്ട്. കിടപ്പു മുറിക്ക് പുറമെ ഡൈനിംഗ് ഹാൾ, മീറ്റിംഗ് ഹാൾ, ലിവിംഗ് റൂം എന്നിവ ചേർന്നതാണ് ഈ സ്യൂട്ട്. വി.വി.ഐ.പികൾക്കും ബിസിനസുകാർക്കുമാണ് നൽകാറുള്ളത്. രാഷ്ട്രപതി ഭവനിൽ നിന്ന് നൽകിയ മെനു പ്രകാരമുള്ള ഭക്ഷണമാണ് ഒരുക്കിയത്. രാഷ്ട്രപതി സസ്യഭുക്കായതിനാൽ കൂടുതലും സസ്യ വിഭവങ്ങളാണ്. ഇന്ത്യൻ, കോണ്ടിനെന്റൽ, കേരളീയ വിഭവങ്ങളും ഒരുക്കുന്നുണ്ട്. രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ മേൽനോട്ടത്തിലാണ് ക്രമീകരണങ്ങൾ.

 രാഷ്ട്രപതിക്ക് അത്താഴ വിരുന്നിന് രാജ്ഭവന് 25 ലക്ഷം

തിരുവനന്തപുരം: സംസ്ഥാന സന്ദർശനത്തിനെത്തി​യ രാഷ്ട്രപതിക്ക് വിരുന്നൊരുക്കാൻ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ആവശ്യപ്രകാരം 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കി. വിരുന്നിനും കൂടിക്കാഴ്ചയ്ക്കും മറ്റ് ചെലവുകൾക്കുമായി 25ലക്ഷം ആവശ്യപ്പെട്ട് കഴിഞ്ഞ എട്ടിന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയിരുന്നു. ടൂറിസം ഡയറക്ടറുടെ അക്കൗണ്ടിൽ നിന്ന് രാജ്ഭവന് തുക കൈമാറാനാണ് സ്റ്റേറ്ര് പ്രോട്ടോക്കോൾ ഓഫീസർ ബി. സുനിൽകുമാർ ഇറക്കിയ ഉത്തരവിലുള്ളത്. ഹോട്ടൽ ഗ്രാന്റ് ഹയാത്തിൽ രാഷ്ട്രപതിക്ക് വിഭവസമൃദ്ധമായ സദ്യ നൽകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, കന്യാകുമാരി സന്ദർശനത്തിനായി രാഷ്ട്രപതിയുടെ പരിപാടി മാറ്റിയതോടെ, സദ്യയ്ക്ക് പകരം അത്താഴ വിരുന്നാക്കി.

ഇന്ന് രാത്രി ഏഴരയ്ക്ക് ഗവർണർ രാഷ്ട്രപതിക്ക് നൽകുന്ന അത്താഴവിരുന്നിൽ മുഖ്യമന്ത്രി, പത്നി കമല, മന്ത്രിമാർ, ചീഫ്സെക്രട്ടറി, ഡി.ജി.പി, അഡി. ചീഫ്സെക്രട്ടറിമാർ അടക്കം 40പേർക്ക് ക്ഷണമുണ്ട്.

Advertisement
Advertisement