നാവികസേന സ്വയം നവീകരിക്കണം: രാഷ്ട്രപതി

Friday 17 March 2023 2:19 AM IST

കൊച്ചി: ആധുനിക സാങ്കേതിക മുന്നേറ്റങ്ങളും സമുദ്രമേഖലയിലെ പ്രവർത്തനങ്ങളും മനസിലാക്കി നാവികസേന സ്വയം നവീകരിക്കണമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.

സമുദ്രാതിർത്തികൾ സംരക്ഷിക്കുന്നതിലും വാണിജ്യപാതകൾ സുരക്ഷിതമാക്കുന്നതിലും ദുരന്തങ്ങളിൽ സഹായം എത്തിക്കുന്നതിലും നാവികസേനയുടെ പ്രതിബദ്ധതയെ രാഷ്ട്രപതി അഭിനന്ദിച്ചു.

നാവികസേനയുടെ ആയുധ പരിശീലനകേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യക്ക് 'പ്രസിഡന്റ്സ് കളർ" സമ്മാനിച്ച് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. സർവസൈന്യാധിപനായ രാഷ്ട്രപതി നൽകുന്ന ഏറ്റവും വലിയ സൈനികബഹുമതിയാണ് പ്രസിഡന്റ്സ് കളർ.

ഇന്ത്യൻ മഹാസമുദ്രത്തിലുടനീളം ഏത് ദൗത്യത്തിനും സൈനിക പ്രതികരണത്തിനും നാവികസേന സജ്ജമാണ്. അയൽപക്കത്തെ ആകസ്മിക സംഭവങ്ങളിൽ അതിവേഗം പ്രതികരിക്കാനും രാജ്യത്തിന്റെ സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കാനും സേനയ്‌ക്ക് ശേഷിയുണ്ട്.

വിസ്തൃതമായ തീരദേശവും ദ്വീപുകളും കടൽ യാത്രികരുമുള്ള അഞ്ചാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയായ ഇന്ത്യക്ക് ശക്തവും ആധുനികമായ നാവികസേന അതിപ്രധാനമാണ്. 75 വർഷമായി നാവികസേന ശത്രുക്കളെ ചെറുക്കുകയും സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കുകയും സാമൂഹിക, സാമ്പത്തിക വളർച്ച സുഗമമാക്കുന്ന സമാധാനാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. സമ്പന്നമായ സമുദ്രപാരമ്പര്യമുള്ള രാജ്യത്തിന്റെ സൈനികവും സാമ്പത്തികവും വാണിജ്യപരവുമായ താത്പര്യങ്ങളിൽ സമുദ്രശക്തി നിർണായകമാണ്.

തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്ത് സന്ദർശിച്ചു. ആത്മനിർഭര ഭാരതത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ് വിക്രാന്ത്. കപ്പൽ യാഥാർത്ഥ്യമാക്കിയ കൊച്ചി കപ്പൽശാലയെയും സഹകരിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.

യുദ്ധത്തിലും സമാധാനത്തിലും നൽകിയ അസാധാരണ സേവനത്തിനുള്ള അംഗീകാരമാണ് ദ്രോണാചാര്യക്കുള്ള അംഗീകാരം. അന്താരാഷ്ട്ര പ്രശസ്തി നേടിയ പരിശീലനകേന്ദ്രവും പീരങ്കി, മിസൈൽ പോരാട്ടത്തിൽ മികവിന്റെ കേന്ദ്രവുമാണ് ദ്രോണാചാര്യയെന്നും രാഷ്ട്രപതി പറഞ്ഞു.