അറസ്റ്റ് വാറണ്ടുകൾ പിൻവലിക്കില്ല, ഇമ്രാന്റെ ഹർജി തള്ളി കോടതി

Friday 17 March 2023 6:42 AM IST

ഇസ്ലാമാബാദ്: തനിക്കെതിരെയുള്ള ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുകൾ പിൻവലിക്കണമെന്ന് കാട്ടി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാൻ സമർപ്പിച്ച ഹർജി ഇസ്ലാമാബാദിലെ വിചാരണക്കോടതി ഇന്നലെ തള്ളി. ഹർജികൾ പരിഗണിക്കാൻ ഇസ്ലാമാബാദ് ഹൈക്കോടതി ബുധനാഴ്ച വിസമ്മതിച്ചിരുന്നു. അതേ സമയം, ഇമ്രാനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് ഓപ്പറേഷൻ ഇന്നുകൂടി നിറുത്തിവയ്ക്കണമെന്ന് ലാഹോർ ഹൈക്കോടതി നിർദ്ദേശിച്ചു. ഇന്നലെ രാവിലെ 10 വരെയായിരുന്നു അറസ്റ്റ് തടഞ്ഞ് കൊണ്ട് ഉത്തരവിട്ടിരുന്നത്. ഇത് ഇന്നത്തേക്ക് കൂടി നീട്ടിയെന്ന് പി.ടി.ഐ നേതാവ് ഫവദ് ചൗധരി അറിയിച്ചു. ഞായറാഴ്ച മിനാർ ഇ പാകിസ്ഥാനിൽ നടത്താനിരുന്ന പി.ടി.ഐ റാലിക്ക് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.അതിനിടെ,​ ലാഹോറിൽ സമൻ പാർക്കിലുള്ള ഇമ്രാന്റെ വസതിക്ക് മുന്നിൽ ഇന്നലെയും പൊലീസിന്റെയും പി.ടി.ഐ പ്രവർത്തകരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു. വസതിയുടെ പ്രധാന കവാടത്തിന് മുന്നിൽ ഇമ്രാൻ അനുകൂലികൾ ഷിപ്പിംഗ് കണ്ടെയ്നറുകൾ സ്ഥാപിച്ചിരുന്നു.

വസതിയിലേക്കുള്ള റോഡുകളിൽ ഇമ്രാൻ അനുകൂല മുദ്രാവാക്യങ്ങളുമായി ഇവർ നിലയുറപ്പിച്ചു. പാർട്ടി പ്രവർത്തകർക്ക് കലാപാഘ്വാനം നൽകിയെന്ന പേരിൽ ഇമ്രാനെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ഇമ്രാന്റെ വസതിക്കുമുന്നിൽ അനുകൂലികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഇസ്ലാമാബാദ് ഡി.ഐ.ജി അടക്കം 63 പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.

തോഷാഖാന അഴിമതിക്കേസ്, വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന കേസ് എന്നിവയിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കോടതി പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ ഇമ്രാനെ കസ്റ്റഡിയിലെടുക്കാൻ ചൊവ്വാഴ്ച മുതൽ ഇസ്ലാമാബാദ് പൊലീസ് ലാഹോറിൽ തുടരുകയാണ്.