ഭൂകമ്പത്തിന് പിന്നാലെ പ്രളയം, തുർക്കിയിൽ 15 മരണം

Friday 17 March 2023 6:42 AM IST

ഇസ്താംബുൾ: ഭൂകമ്പം സൃഷ്ടിച്ച മുറിവ് ഉണങ്ങും മുമ്പേ തുർക്കിയിൽ പ്രളയ ദുരന്തവും. ചൊവ്വാഴ്ച പെയ്ത അതിശക്തമായ മഴയ്ക്ക് പിന്നാലെയുണ്ടായ പ്രളയത്തിൽ 15 പേർ മരിച്ചു. അഞ്ച് പേരെ കാണാതായി. നിരവധി പേർ ഭവനരഹിതരായി. സാൻലിയൂർഫ പ്രവിശ്യയിൽ 12 പേരും അദിയാമൻ പ്രവിശ്യയിൽ ഒരു വയസുള്ള കുഞ്ഞുൾപ്പെടെ മൂന്ന് പേരുമാണ് മരിച്ചത്. നിരവധി വാഹനങ്ങൾ ഒഴുകി പോയി. ഭൂകമ്പത്തിൽ വീട് നഷ്ടമായതോടെ താത്കാലിക ടെന്റുകളിൽ അഭയം തേടിയവർ ഇതോടെ തീർത്തും ദുരിതത്തിലായി. തുർക്കി സൈന്യത്തിന്റെ നേതൃത്വത്തിൽ മേഖലകളിൽ രക്ഷാപ്രവർത്തനം നടന്നുവരുന്നു. ടർക്കിഷ് ഡിസാസ്റ്റർ മാനേജ്മെന്റ് ഏജൻസിയുടെ മുങ്ങൽ വിദഗ്ദ്ധരെയും വിന്യസിച്ചു. കോളറ, ടൈഫോയ്‌ഡ്, മലേറിയ, ഡെങ്കി തുടങ്ങിയ പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുമെന്ന ഭീതിയുമുണ്ട്. തെക്ക് - കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും നാശംവിതച്ച ഭീമൻ ഭൂകമ്പത്തിൽ 52,000ത്തിലേറെ പേരാണ് മരിച്ചത്. 200,000ത്തിലേറെ കെട്ടിടങ്ങൾ തകർന്നടിഞ്ഞു. ഇവ പുനർനിർമ്മിക്കാൻ മാസങ്ങളോളം വേണം. ഭൂകമ്പ ബാധിതർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് ഇരട്ടി പ്രഹരം സൃഷ്ടിച്ച് പ്രളയത്തിന്റെ വരവ്.

Advertisement
Advertisement