ഉള്ളിൽ അപകടകാരിയായ സീസിയം - 137,​ ഭീതിപരത്തി റേഡിയോ ആക്ടീവ് സിലിണ്ടർ

Friday 17 March 2023 6:43 AM IST

ബാങ്കോക്ക് : തായ്‌ലൻഡിൽ അപകടകാരിയായ റേഡിയോ ആക്ടീവ് പദാർത്ഥമടങ്ങിയ ലോഹ സിലിണ്ടർ കാണാതായി. മാർച്ച് പത്തിന് ബാങ്കോക്കിന് കിഴക്കുള്ള പ്രാചിൻ ബുരി പ്രവിശ്യയിലെ ഒരു കൽക്കരി പവർ പ്ലാന്റിൽ നിന്നാണ് സിലിണ്ടർ കാണാതായത്. അതീവ അപകടകാരിയായ സീസിയം - 137 ആണ് സിലിണ്ടറിനുള്ളിൽ.

ജനസാന്ദ്രതയുള്ള മേഖലയായതിനാൽ സിലിണ്ടർ ആരുടെയെങ്കിലും കൈയ്യിൽ കിട്ടിയാലുള്ള അപകട സാദ്ധ്യതയെ പറ്റി അധികൃതർ മുന്നറിയിപ്പ് നൽകി. സിലിണ്ടറിന് പറ്റി വിവരം നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയാണ് 30 സെന്റീമീറ്റർ നീളവും 13 സെന്റീമീറ്റർ വീതിയുമുള്ള സിലിണ്ടർ കാണാതായ കാര്യം ശ്രദ്ധയിൽപ്പെട്ടത്. അഞ്ച് ലക്ഷത്തോളം പേർ ജീവിക്കുന്ന പ്രാചിൻ ബുരി പ്രവിശ്യയിലാണ് ഖാവോ യായ് അടക്കം തായ്‌ലൻഡിലെ ചില മികച്ച നാഷണൽ പാർക്കുകൾ സ്ഥിതി ചെയ്യുന്നത്.

സിലിണ്ടർ കണ്ടെത്താൻ റേഡിയേഷൻ ഡിറ്റക്ടിംഗ് ഉപകരണങ്ങൾ,​ ഡ്രോണുകൾ എന്നിവയടക്കം വിന്യസിച്ച് വ്യാപക തെരച്ചിൽ നടത്തുന്നുണ്ട്. അതേ സമയം,​ സിലിണ്ടർ ഫെബ്രുവരിയിലായിരിക്കാം അപ്രത്യക്ഷമായതെന്ന് തായ് പൊലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സിലിണ്ടറുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചില്ല.

2000ത്തിൽ തായ്‌ലൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കൊബാൾട്ട് - 60 ഐസൊടോപ്പ് അടങ്ങിയ ചെറു സിലിണ്ടറുകൾ തുറന്ന മൂന്ന് പേർ മരിക്കുകയും ഏഴ് പേർക്ക് റേഡിയേഷൻ പൊള്ളലേൽക്കുകയും ചെയ്തു. ഏകദേശം 2,000ത്തോളം പേർക്കാണ് ആകെ റേഡിയേഷനേറ്റത്. അതേ സമയം, ഇപ്പോൾ കാണാതായിരിക്കുന്ന സിലിണ്ടറിനുള്ളിൽ സീസിയം - 137ന്റെ അളവ് കുറവാണെന്നാണ് വിവരം.

അതേ സമയം,​ സീസിയം - 137 അടങ്ങിയ ഒരു ചെറു കാപ്സ്യൂൾ ജനുവരി 10നും 16നും ഇടയിൽ വെസ്റ്റേൺ ഓസ്ട്രേലിയയിൽ ഒരു ട്രക്കിൽ നിന്ന് റോഡിൽ നഷ്ടപ്പെട്ടിരുന്നു. വ്യാപക തെരച്ചിലിനൊടുവിൽ റേഡിയേഷൻ ഡിറ്റക്ടിംഗ് ഉപകരണത്തിന്റെ സഹായത്തോടെ ഫെബ്രുവരി 1ന് അധികൃതർ ഈ കാപ്സ്യൂൾ കണ്ടെത്തിയത് അപകടം ഒഴിവാക്കി.

അളവ് തീരെ കുറവാണെങ്കിലും ഉയർന്ന റേഡിയേഷനുള്ളതിനാൽ സീസിയം - 137 തൊടുന്നവർക്ക് ഗുരുതര രോഗമുണ്ടാകും. റേഡിയേഷൻ മൂലമുള്ള പൊള്ളലിനും ഭാവിയിൽ കാൻസർ പോലുള്ള രോഗങ്ങൾക്ക് വരെയും കാരണമാകാം.

സീസിയം മൂലകത്തിന്റെ ഐസോടോപ്പായ സീസിയം - 137 ലോകത്ത് നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. 1987 ബ്രസീലിലെ ഗൊയേനിയയിൽ ഉപേക്ഷിക്കപ്പെട്ട ഒരു ആശുപത്രിയിൽ സുരക്ഷിതമല്ലാത്ത തരത്തിൽ കണ്ടെത്തിയ ഒരു റേഡിയോ തെറാപ്പി സ്രോതസ് പലരുടെ കൈകളിലെത്തുകയും നാല് പേർ ഇതിലെ സീസിയം - 137ന്റെ റേഡിയേഷനേറ്റ് മരിക്കുകയും ചെയ്തു.

1989ൽ കിഴക്കൻ യുക്രെയിനിലെ ഡൊണെസ്കിലുള്ള ക്രാമറ്റോർസ്ക് നഗരത്തിൽ ഒരു അപ്പാർട്ട്മെന്റിന്റെ കോൺക്രീറ്റ് ഭിത്തിക്കുള്ളിൽ സീസിയം - 137കാപ്സ്യൂൾ കണ്ടെത്തി. ഏതോ ഉപകരണത്തിന്റെ ഭാഗമായിരുന്ന കാപ്സ്യൂൾ 1970കളിൽ കാണാതാവുകയും അപ്പാർട്ട്മെന്റ് നിർമ്മാണ സമയത്ത് കോൺക്രീറ്റിൽ പെടുകയുമായിരുന്നു എന്ന് കരുതുന്നു. 9 വർഷത്തിനിടെ രണ്ട് കുടുംബങ്ങൾ ഈ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നു. കാപ്സ്യൂൾ കണ്ടെത്തിയപ്പോഴേക്കും നാല് പേർ ലുക്കീമിയ ബാധിച്ച് മരിച്ചിരുന്നു. 17 പേരിൽ റേഡിയേഷൻ ഏറ്റെന്നും കണ്ടെത്തി.