ഡോക്ടർമാരുടെ സമരം;​ മെഡിക്കൽ കോളേജിൽ ഉൾപ്പെടെ രോഗികൾ വലഞ്ഞു

Saturday 18 March 2023 12:29 AM IST

കോട്ടയം . ആശുപത്രി ആക്രമണങ്ങളിലും ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ സമരത്തിൽ മെഡിക്കൽ കോളേജ് ഉൾപ്പെടെ ആശുപത്രികൾ സ്തംഭിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ഒ പിയും ജനറൽ മെഡിസിൻ ഒ പിയും പ്രവർത്തിച്ചില്ല. അത്യാഹിത വിഭാ​ഗത്തിലെ ചികിത്സയും അടിയന്തര ശസ്ത്രക്രിയകളും മാത്രമാണ് നടന്നത്.

ഒ പിയിൽ വന്ന ആളുകളെ കാഷ്വാലിറ്റി വിഭാ​ഗത്തിൽ പ്രാഥമിക പരിശോധനകൾക്ക് ശേഷം പറഞ്ഞയച്ചു. സമരം അറിയാതെ എത്തിയവരാണ് വലഞ്ഞത്. പനിയടക്കമായി എത്തിയവരെ പറഞ്ഞയച്ചു. അത്യാഹിത വിഭാ​ഗത്തിന് മുന്നിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. കാർഡിയോളജി, കാഷ്വാലിറ്റി എമർജൻസി ഓപ്പറേഷൻ തിയേറ്റർ ശസ്ത്രക്രിയകൾ മുടക്കമില്ലാതെ നടന്നു. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവച്ചു. ഭൂരിഭാഗം സ്വകാര്യ ആശുപതികളിലെ ഒ പികളും പൂർണമായും അടഞ്ഞു കിടന്നു.

ജില്ലാ ജനറൽ ആശുപത്രി
ജില്ലാ ജനറൽ ആശുപത്രിയിൽ മെഡിക്കൽ ഒ പി പ്രവർത്തിച്ചില്ല. ജനറൽ ഒ പിയിലും കുട്ടികളുടെ വിഭാ​ഗത്തിലും ഓരോ ഡോക്ടർമാർ വീതം ഉണ്ടായിരുന്നു. അടിയന്തര ചികിത്സകൾക്ക് അത്യാഹിത വിഭാ​ഗം പ്രവർത്തിച്ചു. ദിവസവും ആയിരക്കണക്കിന് രോ​ഗികൾ എത്തുന്ന ആശുപത്രിയിൽ ഇന്നലെ എത്തിയത് 350 - 400 ഓളം പേർ മാത്രമാണ്. കോട്ടയം ജില്ലാ ആശുപത്രിയിൽ നിന്ന് ആരംഭിച്ച സമരജാഥ ഐ എം എ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി എസ് സഖറിയാസ് ഉദഘാടനം ചെയ്തു. കളക്ടറേറ്റിന് മുൻപിൽ നടന്ന സമാപന സമ്മേളനത്തിൽ മുൻ ദേശീയ വൈസ് പ്രസിഡന്റ് ജോസഫ് മാണി അദ്ധ്യക്ഷത വഹിച്ചു.

Advertisement
Advertisement