വീട്ടുമുറ്റത്തെ കാർ കത്തിച്ച സംഭവം; പ്രതികൾ അറസ്റ്റിൽ

Saturday 18 March 2023 1:06 AM IST

വെഞ്ഞാറമൂട്: വീട്ടുമുറ്റത്ത് പാർക്ക് ചെയ്‌തിരുന്ന കാറുകൾ കത്തിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. വർക്കല വെണ്ണിക്കോണം ചരുവിള വീട്ടിൽ രാജ് കുമാർ (39), മണമ്പൂർ ഒറ്റൂർ വലിയവിള വീട്ടിൽ അനിൽകുമാർ (51) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം.

വെഞ്ഞാറമൂട് വലിയകട്ടയ്‌ക്കാൽ മുരുകവിലാസത്തിൽ മുരുകന്റെ രണ്ട് കാറുകളാണ് തീയിട്ടത്. കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ കാറുകളുടെ മുകളിലൊഴിച്ച് തീയിടുകയായിരുന്നു. സംഭവമറിഞ്ഞ് പുറത്തിറങ്ങിയ വീട്ടുകാരും അയൽവാസികളും ചേർന്ന് തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത് മുരുകനും പ്രതികളിലൊരാളായ അനിൽകുമാറും വിദേശത്ത് കൂട്ടുകച്ചവടമായിരുന്നു. അവിടെ വച്ചുണ്ടായ സാമ്പത്തിക തർക്കങ്ങൾ ഇവരെ ശത്രുക്കളാക്കുകയും നാട്ടിലെത്തിയ അനിൽകുമാർ തന്റെ സഹായിയായ രാജ്കുമാറിന്റെ സഹായത്തോടെ മുരുകന്റെ വീട്ടിലെത്തി കാർ കത്തിക്കുകയുമായിരുന്നു.

റൂറൽ എസ്.പി ഡി.ശില്പയുടെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാറിന്റെ നേതൃത്വത്തിൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി റാഷിദ്,വെഞ്ഞാറമൂട് സി.ഐ അനൂപ് കൃഷ്ണ,എസ്.ഐ ഷാൻ,ഷാജി, ഫിറോസ് ഖാൻ,എസ്.സി.പി.ഒമാരായ ദിലിപ്, അനൂപ്,സജിത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വർക്കല നരിക്കല്ലുമുക്കിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

Advertisement
Advertisement