അകലെയല്ല ആ ഓർമ്മകൾ

Saturday 18 March 2023 12:00 AM IST

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയംഗവും ആദ്യകാല കമ്മ്യൂണിസ്റ്റുമായ മിനർവ ശിവാനന്ദൻ വിടവാങ്ങിയിട്ട് ഇന്ന് 16 വർഷം. 1962ലെ രാഷ്ട്രീയ തടവുകാരനായി ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹം 1963ൽ പേട്ടയിൽ മിനർവ പ്രസ് ആരംഭിച്ചു. ഇൻഡോ- ചീന അതിർത്തി സംഘട്ടനവും യുദ്ധവും തുടങ്ങിയപ്പോൾ രാജ്യത്താകമാനം കമ്മ്യൂണിസ്റ്റുകാരെ കരുതൽ തടങ്കലിലാക്കി. 1964 ഡിസംബർ 30ന് മിനർവ ശിവാനന്ദൻ വീണ്ടും അറസ്റ്റിലായി. 18 മാസത്തിലേറെ ജയിൽവാസം. പ്രസ് ശൈശവദശയിൽത്തന്നെ പൂട്ടേണ്ട അവസ്ഥയിലായി. കടകംപള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന തങ്കപ്പൻ സാറിന്റെ നേതൃത്വത്തിൽ നിസ്വാർത്ഥരായ പാർട്ടി സഹയാത്രികർ പ്രസ് നിലനിറുത്തി. അവിടം കമ്മ്യൂണിസ്റ്റ് ഇടത്താവളമായി. പാർട്ടിയുടെ രഹസ്യസ്വഭാവമുള്ള അച്ചടിജോലികൾ മിനർവയിൽ നടന്നു. അതോടെ സ്ഥാപനം കടുത്ത പൊലീസ് നിരീക്ഷണത്തിലായി .

കമ്മ്യൂണിസ്റ്റ് നേതാക്കളായ എ.കെ.ജി, ഇ.എം.എസ്, സി.എച്ച്. കണാരൻ, ഗൗരിഅമ്മ, അഴീക്കോടൻ രാഘവൻ, വി.എസ് അച്യുതാനന്ദൻ ഉൾപ്പെടെയുള്ള സഖാക്കൾ മിനർവയിലെ സന്ദർശകരായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടർന്ന് ശിവാനന്ദനെയും എം.എസ്. മാനുവലിനെയും മിനർവപ്രസിൽ നിന്ന് അറസ്റ്റുചെയ്തു. രണ്ടുമാസത്തോളം തടവിലായി. മൂന്നുതവണ റിമാൻഡ് നീട്ടി സബ്‌ ജയിലിൽ തടവിലാക്കി. വർക്കല രാധാകൃഷ്ണനാണ് കോടതിയിൽ വാദിച്ച് ഇവർക്ക് ജാമ്യം നേടിക്കൊടുത്തത്. എന്നാൽ ആഴ്ചയിലൊരിക്കൽ പേട്ടയിലും വഞ്ചിയൂരിലുമുള്ള പൊലീസ് സ്റ്റേഷനുകളിലും രണ്ടാഴ്ച കൂടുമ്പോൾ മജിസ്ട്രേട്ടിനു മുന്നിലും ഹാജരായി ഒപ്പിടണം എന്നതായിരുന്നു ജാമ്യവ്യവസ്ഥ. അടിയന്തരാവസ്ഥ തീരുന്നതുവരെ ഇത് തുടർന്നു. അന്ന് അറസ്റ്റിലായ പത്തുപേരിൽ ശുദ്ധോധനും മാനുവലും റെയിൽവേ ബാബുവും മാത്രമേ ജീവിച്ചിരിപ്പുള്ളൂ. ഞങ്ങളുടെ മനസിൽനിന്നും ആ ഓർമ്മകൾ മാഞ്ഞിട്ടില്ല.

(മിനർവ ശിവാനന്ദന്റെ മകനും സ്മാരക സമിതി സെക്രട്ടറിയുമാണ് ലേഖകൻ)