 കിളിമാനൂർ -ചാത്തൻപാറ -മണമ്പൂർ -വർക്കല റോഡിൽ അപാകത ഒഴിയാതെ ദേശീയപാത നിർമ്മാണം

Saturday 18 March 2023 1:08 AM IST

കല്ലമ്പലം: പൊതുമരാമത്ത് റോഡിന് കുറുകെ ഗതാഗതം തടസ്സമാകുന്ന രീതിയിൽ ദേശീയപാത 66 ന്റെ നിർമ്മാണം നടക്കുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. കിളിമാനൂർ -ചാത്തൻപാറ -മണമ്പൂർ -വർക്കല റോഡിൽ മണമ്പൂർ ക്ഷേത്രത്തിനു പിന്നിലായാണ് പൊതുമരാമത്ത് റോഡിനെ മറികടന്ന് ദേശീയപാത കടന്നുപോകുന്നത്. ദേശീയപാതയുടെ നിർമ്മാണം ദ്രുതഗതിയിൽ നടക്കുകയാണ്. ഭാവിയിലുണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കാൻ പൊതുമരാമത്ത് റോഡിൽ മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ആക്ഷൻ കൗൺസിൽ ഭാരവാഹികളായി മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ് (ചെയർമാൻ), പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജി.സത്യശീലൻ (വർക്കിംഗ് പ്രസിഡന്റ്), ബി.ഗോപാലകൃഷ്ണൻ (കൺവീനർ) എന്നിവർ ഭാരവാഹികളായ കമ്മിറ്റിയെ തിരഞ്ഞെടുത്തു. തുടർന്ന് ഇരു റോഡുകളിലെയും ഗതാഗതം തടസ്സപ്പെടാത്ത രീതിയിൽ ദേശീയപാത നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

രണ്ട് റോഡുകൾ തമ്മിൽ ക്രോസിംഗ് വരുന്ന ഇവിടെ മേൽപ്പാലമോ അടിപ്പാതയോ നിലവിലെ പദ്ധതി രൂപരേഖയിലില്ല. അതിനാൽ പ്രധാന പൊതുമരാമത്ത് റോഡ്‌ ഇവിടെ രണ്ടായി വേർപെടും.

ഹൈവേ പൂർത്തിയാകുന്നതോടെ ജനങ്ങൾക്ക് പൊതുമരാമത്ത് റോഡിൽകൂടി പഴയതുപോലെ പോയി മടങ്ങാൻ കഴിയാത്ത അവസ്ഥ വരും. സർവീസ് ബസുകൾ കൂടാതെ അമ്പതോളം സ്കൂൾ ബസുകൾ കടന്നുപോകുന്ന പാതയാണ് ഇത്തരത്തിൽ അടയ്ക്കപ്പെടുന്നത്. അടയുന്നതോടെ കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ടി വരും.

ദീർഘ വീക്ഷണമില്ലാതെയാണ് ദേശീയപാതയുടെ രൂപരേഖ തയ്യാറാക്കിയതെന്നാണ് പൊതുവേ ആക്ഷേപം. വർഷങ്ങളായി പ്രദേശവാസികൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന റോഡ്‌ രണ്ടായി വിഭജിക്കപ്പെടുമ്പോൾ രോഗികളും വിദ്യാർത്ഥികളുമാണ് ഏറെ കഷ്ടപ്പെടുന്നത്. അടിപ്പാത നിർമ്മിച്ച്‌ പൊതുമരാമത്ത് റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടാതെ സംരക്ഷിക്കപ്പെടണമെന്ന ആവശ്യത്തിൽ നാട്ടുകാർ ഉറച്ചു നിൽക്കുകയാണ്.

Advertisement
Advertisement