സിസോദിയ വീണ്ടും ഇ ഡി കസ്റ്റഡിയിൽ; കവിതയോടൊപ്പം ചോദ്യം ചെയ്തേക്കും

Saturday 18 March 2023 1:22 AM IST

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഇ.ഡി കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി ഡൽഹി റോസ് അവന്യു കോടതി. മദ്യനയ കേസിലെ അന്വേഷണം തുടരുകയാണെന്നും ഒരാഴ്ച കസ്റ്റഡിയിൽ വേണമെന്നും ആവശ്യപ്പെട്ട് ഇ.ഡി കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

മദ്യനയ കേസിൽ പരാതി ഉയർന്ന ഉടനെ ജൂലൈ 22ന് എട്ട് മാസം തുടർച്ചയായി ഉപയോഗിച്ച ഫോൺ സിസോദിയ

മാറ്റി. ഇതുൾപ്പെടെ നിരവധി തെളിവുകൾ സിസോദിയ നശിപ്പിച്ചെന്നും ലക്ഷക്കണക്കിന് ഇമെയിലുകൾ ഉൾപ്പെടെ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. അദ്ദേഹം നിർണ്ണായക വിവരങ്ങൾ വെളിപ്പെടുത്തുന്നുണ്ടെന്നും അതിനാൽ അദ്ദേഹത്തെ ഇനിയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി വാദിച്ചു. സിസോദിയയുടെ കമ്പ്യൂട്ടറിൽ നിന്ന് 2021 മാർച്ചിൽ കണ്ടെത്തിയ ഒരു മെയിലിൽ അഞ്ച് ശതമാനം കമ്മിഷന്റെ കാര്യം പരാമർശിച്ചിരുന്നു. എന്നാൽ 2022 സെപ്തംബറിൽ ഇത് 12 ശതമാനമായി ഉയർത്തി. ഇത് കരാറിലെ സൗത്ത് ഗ്രൂപ്പിന്റെ നിർദ്ദേശപ്രകാരമാണെന്നും ഇക്കാര്യത്തിലുൾപ്പെടെ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇ.ഡി പറഞ്ഞു.

ഈ വാദം എതിർത്ത മനീഷ് സിസോദിയ, തന്നെ പ്രതിദിനം വെറും 30 മിനിട്ട് മാത്രമാണ് ചോദ്യം ചെയ്യുന്നതെന്നും എല്ലാ ദിവസവും ഒരേ ചോദ്യമാണ് ചോദിക്കുന്നതെന്നും കോടതിയിൽ പറഞ്ഞു. ഏഴ് മാസം ചോദ്യം ചെയ്താലും ഇനിയും കസ്റ്റഡിയിൽ വേണമെന്നേ ഇ.ഡി പറയു. ഇതുവരെ അവർക്ക് ലഭിച്ചതെന്തൊക്കെയെന്ന് വെളിപ്പെടുത്തട്ടെയെന്നും സിസോദിയ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിതയോട് 20ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നിർദ്ദേശിച്ചിട്ടുണ്ട്. സിസോദിയയെ കവിതയോടൊപ്പമിരുത്തി ചോദ്യം ചെയ്തേക്കും. സ്ത്രീയായ തന്നെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യുന്നതിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കവിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Advertisement
Advertisement