എസ്.എഫ്.ഐ ഉപരോധ സമരത്തിൽ അദ്ധ്യാപികയ്‌ക്ക് പരിക്ക്  പ്രതിഷേധ പ്രകടനം നടത്തി അദ്ധ്യാപകരും കെ.എസ്.യുവും

Saturday 18 March 2023 1:41 AM IST

തിരുവനന്തപുരം: ഗവ.ലാ കോളേജിൽ പ്രിൻസിപ്പൽ ഉൾപ്പെടെ 20 അദ്ധ്യാപകരെ തടഞ്ഞുവച്ച് എസ്.എഫ്.ഐ നടത്തിയ ഉപരോധ സമരത്തിൽ അസിസ്റ്റന്റ് പ്രൊഫസർ വി.കെ.സഞ്‌ജുവിന് പരിക്കേറ്റു. സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർക്കും മ്യൂസിയം പൊലീസിനും പ്രിൻസിപ്പലും അദ്ധ്യാപികയും പരാതി നൽകി. വിശദ പരിശോധന നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 14ന് കോളേജിൽ നടന്ന എസ്.എഫ്.ഐ-കെ.എസ്‍.യു സംഘർഷത്തെ തുടർന്ന് രാത്രി എസ്.എഫ്.ഐ പ്രവർത്തകർ കാമ്പസിൽ അതിക്രമിച്ച് കടന്ന് കൊടിതോരണങ്ങൾ നശിപ്പിച്ചതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നു കോളേജ് സ്റ്റാഫ് കൗൺസിൽ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച സ്റ്റാഫ് കൗൺസിൽ യോഗത്തിൽ സസ്പെൻഷൻ തീരുമാനമെടുത്ത ശേഷം പി.ടി.എ എക്സിക്യൂട്ടിവ് യോഗം നടക്കുന്നതിനിടെ വൈകിട്ട് മൂന്നോടെ എസ്.എഫ്.ഐ പ്രവർത്തകർ പ്രിൻസിപ്പലിന്റെ ഓഫിസിന് മുന്നിൽ ഉപരോധം ആരംഭിച്ചു. പി.ടി.എ എക്സിക്യൂട്ടിവ് അംഗങ്ങൾ ഉൾപ്പെടെ അനുനയത്തിനു ശ്രമിച്ചെങ്കിലും പ്രവർത്തകർ വഴങ്ങിയില്ല. വെള്ളവും ഭക്ഷണവും എത്തിക്കുന്നതും ഇവർ തടസപ്പെടുത്തി. കാമ്പസിന് പുറത്തു നിന്നെത്തിയ ചിലരാണ് കർശന നിലപാടെടുത്തതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. നേരം വൈകിയതോടെ വിദ്യാർത്ഥികളിൽ ചിലർ വെള്ളം എടുത്തു നൽകി. പൊലീസുകാരുടെ സഹായത്തോടെ എത്തിച്ച ലഘുഭക്ഷണമാണ് അദ്ധ്യാപകർ കഴിച്ചത്. അതും തടയാൻ ശ്രമമുണ്ടായി. ചില അദ്ധ്യാപകർ ഉച്ചഭക്ഷണം പോലും കഴിച്ചിരുന്നില്ല. മരുന്ന് കഴിക്കുന്ന അദ്ധ്യാപകരെയെങ്കിലും വിടണമെന്ന ആവശ്യവും പ്രവർത്തകർ അംഗീകരിച്ചില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. ശ്വാസതടസമുണ്ടായ അസിസ്റ്റന്റ് പ്രൊഫസർ വി.കെ.സഞ്ജു പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോൾ എസ്.എഫ്.ഐ പ്രവർത്തകർ അദ്ധ്യാപികയെ ആക്രമിച്ചതോടെ അദ്ധ്യാപകർ ഒന്നടങ്കം ബഹളംവച്ചു. പൊലീസ് ഇടപെട്ടതോടെ അർദ്ധരാത്രി 12നാണ് അദ്ധ്യാപകർ പുറത്തിറങ്ങിയത്.

സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു വിദ്യാർത്ഥികളും അദ്ധ്യാപകരും ഇന്നലെ കോളേജിൽ പ്രതിഷേധപ്രകടനം നടത്തി. ക്ലാസെടുക്കില്ലെന്ന നിലപാടിലായിരുന്നു അദ്ധ്യാപകർ. ഇന്ന് ചേരുന്ന പി.ടി.എ യോഗത്തിൽ ക്ലാസുകളുടെ കാര്യത്തിൽ തീരുമാനമുണ്ടാകും. എസ്.എഫ്.ഐ പ്രവർത്തകരായ വിദ്യാർത്ഥിനികളെ കെ.എസ്.യുക്കാർ ആക്രമിച്ചെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് എസ്.എഫ്.ഐ.

Advertisement
Advertisement