മദ്രസകൾ വേണ്ട, അസാമിൽ 600 എണ്ണം അടച്ചുപൂട്ടി: ഹിമന്ത് ബിശ്വ ശർമ്മ

Saturday 18 March 2023 1:45 AM IST

ന്യൂഡൽഹി: രാജ്യത്ത് മദ്രസകൾക്കു പകരം സ്കൂളുകളും സർവകലാശാലകളുമാണ് വേണ്ടതെന്നും അതിനാൽ അസാമിൽ 600 മദ്രസകളുടെ പ്രവർത്തനം നിറുത്തിയെന്നും അസാം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ പറഞ്ഞു. കർണ്ണാടകയിലെ ബൽഗാവി ശിവരാജ് മഹാരാജ് ഗാർഡനിലെ ബി.ജെ.പി റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബാക്കിയുള്ള മദ്രസകളും ഉടൻ അടച്ചു പൂട്ടും. നിലവിൽ രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ 3000 മദ്രസകളാണുള്ളത്. ആധുനിക ഇന്ത്യയ്ക്ക് മദ്രസകൾ വേണ്ട. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ബംഗ്ലാദേശിൽ നിന്നും നിരവധിയാളുകൾ എത്തുന്നു. അവർ നമ്മുടെ സംസ്കാരത്തെ നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു കാലത്ത് ഡൽഹിയിലെ ഭരണാധികാരികൾ ക്ഷേത്രങ്ങൾ പൊളിക്കുന്നതിനെ കുറിച്ചാണ് ചർച്ച ചെയ്തതെങ്കിൽ ഇന്ന് മോദി സർക്കാർ ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.

ഈ പുതിയ ഇന്ത്യയെ ദുർബലപ്പെടുത്താനാണ് പുതിയ മുഗളന്മാരായ കോൺഗ്രസ് ശ്രമിക്കുന്നത്. ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നതായിരുന്നു രാഹുലിന്റെ ലണ്ടനിലെ പ്രസംഗം. നരേന്ദ്ര മോദിയുള്ള കാലത്തോളം രാഹുലിന് പ്രധാനമന്ത്രിയാകാൻ കഴിയില്ല. നമുക്ക് കർണ്ണാടകയിൽ ബി.ജെ.പിയെ അധികാരത്തിൽ കൊണ്ടുവരണം. ഹിമന്ത് ബിശ്വ ശർമ്മ പറഞ്ഞു.