ആനവണ്ടി തിരിച്ചോടുന്നു, കുട്ടനാട്ടിലേക്ക്!

Saturday 18 March 2023 12:52 AM IST
ആനവണ്ടി തിരിച്ചോടുന്നു, കുട്ടനാട്ടിലേക്ക്

കൊവിഡ് കാരണം നിറുത്തിയ കുട്ടനാടൻ സർവീസുകൾ പുനരാരംഭിച്ചു

ആലപ്പുഴ: കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി വീണ്ടും ഓടിത്തുടങ്ങിയതോടെ മൂന്നു വർഷമായി നാട് സഹിക്കുന്ന യാത്രാ ദുരിതത്തിന് അറുതിയായി. എടത്വ ഡിപ്പോയിൽ നിന്നുള്ള കളങ്ങര, കുന്നുമ്മ, പാരേത്തോട്-ആലംതുരുത്തി, മുട്ടാർ എന്നീ സർവീസുകൾ പുനരാരംഭിച്ചതിനൊപ്പം തായങ്കരി വഴി കൂടുതൽ ട്രിപ്പുകൾ തുടങ്ങുകയും ചെയ്തു.

നാല് ഓർഡിനറി ബസുകളും അതിനാവശ്യമായ ജീവനക്കാരെയും എടത്വ ഡിപ്പോയ്ക്ക് അനുവദിച്ചു. യാത്രക്കാർക്ക് വേണ്ടി ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ- സാമൂഹിക സംഘടനകളുടെയും നിരന്തര ആവശ്യപ്രകാരമാണ് കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിൽ സർവീസുകൾ പുനരാരംഭിച്ചത്. നിലവിൽ ഭൂരിപക്ഷം യാത്രക്കാരും ബോട്ടുകളെയാണ് ആശ്രയിക്കുന്നത്. ഇതോടെ യാത്രയ്ക്ക് കൂടുതൽ സമയം നീക്കിവെയ്ക്കേണ്ട അവസ്ഥയായിരുന്നു.

എടത്വ ഡിപ്പോയിൽ നിന്നുള്ള ഏതാനും സർവീസുകളാണ് ആദ്യഘട്ടമെന്നോണം പുനരാരംഭിച്ചത്. ഇനിയും ബസുകൾ എത്തിച്ചേരാത്ത സ്ഥലങ്ങളിലുള്ളവർ കാത്തിരിപ്പ് തുടരുകയാണ്. തായങ്കരി, കണ്ടങ്കരി, ചമ്പക്കുളം, നെടുമുടി - ആലപ്പുഴ സർവീസുകളും, കരുമാടി പടഹാരം, കുന്നുമ്മ, എടത്വ, കൊടുപ്പന്ന വഴി ചങ്ങനാശേരി സർവീസും വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ചമ്പക്കുളം വരെയുള്ള സർവീസുകൾ പൂപ്പള്ളി വരെ നീട്ടണം. കുന്നുമ്മ - തകഴി സർവീസ് തകഴി ആശുപത്രി വഴി കരുമാടിയിൽ എത്തുന്ന രീതിയിലാക്കിയാൽ ആശുപത്രിയിലേക്കുള്ള യാത്രക്കാർക്ക് പ്രയോജനപ്രദമാകും. എ-സി റോഡിന്റെ പുനർനിർമ്മാണം ആരംഭിച്ച ഘട്ടത്തിൽ വിഭജിച്ച ആലപ്പുഴ - ചങ്ങനാശേരി സർവീസ് ഒറ്റയാക്കണമെന്ന ആവശ്യവും അധികൃതർ പരിഗണിച്ചിട്ടില്ല. ബസ് സർവീസ് സുഗമമായി നടക്കുമെന്നിരിക്കേ, ആലപ്പുഴയിൽ നിന്ന് മങ്കൊമ്പ് വരെയും അവിടെ നിന്ന് അടുത്ത ബസിൽ ചങ്ങനാശേരിക്കും പോകേണ്ടിവരുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകാൻ ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയാണ്.

കളക്ഷന്റെ പേരിൽ കുരുക്ക്

കൊവിഡ് കാലത്താണ് കൂടുതൽ സർവീസുകൾ ഉപേക്ഷിച്ചതെങ്കിലും കളക്ഷൻ കുറവിന്റെ പേരിൽ നേരത്തെ തന്നെ പല ഉൾനാടൻ സർവീസുകൾക്കും പിടി വീണിരുന്നു. പ്രതിദിന വരുമാനം എഴായിരം രൂപയിൽ കുറവുണ്ടായിരുന്ന സർവീസുകളാണ് നിറുത്തലാക്കിയത്. കെ.എസ്.ആർ.ടി.സി സർവീസുകൾ സജീവമാണെന്ന പേരിൽ ബോട്ട് സർവീസുകൾ വെട്ടിക്കുറച്ചിരുന്നു. കൊവിഡിന്റെ പേരിൽ ആനവണ്ടി പിൻവലിഞ്ഞതോടെ പല റൂട്ടിലും ബോട്ടും ബസുമില്ലാത്ത അവസ്ഥയായി.

ഉൾനാടൻ സർവീസുകൾ വന്നതോടെ യാത്രാ ക്ലേശത്തിന് വലിയ രീതിയിൽ പരിഹാരമായി. ഇപ്പോഴും പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസ് എന്നാണ് അധികൃതർ പറയുന്നത്. സർവീസ് തുടർച്ചയായി നടത്തിയാൽ കളക്ഷനിൽ കുറവുണ്ടാവില്ല

ബേബി തോമസ്, കെ.എസ്.ആർ.ടി.സി യാത്രക്കാരൻ, എടത്വ

Advertisement
Advertisement