ലാ കോളേജ് ആക്രമണം; കോളേജിന് പുറത്തുള്ള എസ്.എഫ്.ഐക്കാരുമെത്തി  പ്രതികരിച്ച് ലാ കോളേജ് അദ്ധ്യാപിക സഞ്ജു

Saturday 18 March 2023 1:59 AM IST

തിരുവനന്തപുരം: കോളേജിന് പുറത്തുളള എസ്.എഫ്.ഐ നേതാക്കൾ അടക്കമുളളവരാണ് തന്നെ ക്രൂരമായി ആക്രമിച്ചതെന്ന് ലാ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും യൂണിയൻ തിരഞ്ഞെടുപ്പിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുമായ വി.കെ.സഞ്ജു കേരളകൗമുദിയോട് പറഞ്ഞു. 8 മണിക്കൂറോളമാണ് 21 അദ്ധ്യാപകരെ മുറിയിൽ പൂട്ടിയിട്ടത്. ശാരീരിക ബുദ്ധിമുട്ടുകളുളള ഒരു സ്‌ത്രീയാണ് ഞാൻ. രാത്രി 10ന് ശേഷമാണ് ആദ്യം വൈദ്യുതിബന്ധം വിച്ഛേദിച്ചത്. അപ്പോൾ ഒരു അദ്ധ്യാപിക മെയിൻ സ്വിച്ച് ഓണാക്കി, മുറി തുറക്കണമെന്ന് പറഞ്ഞപ്പോൾ പുറത്തെ എസ്.എഫ്.ഐ നേതാക്കളടക്കം പറഞ്ഞത് അവിടെ കിടന്നാൽ മതിയെന്നാണ്. 11ഓടെ അദ്ധ്യാപകർക്ക് പുറത്തുപോകാനുളള സൗകര്യം ഒരുക്കിക്കൊടുക്കണമെന്ന് പൊലീസുകാർ ആവശ്യപ്പെട്ടെങ്കിലും സമരക്കാർ വഴങ്ങിയില്ല. പ്രിൻസിപ്പൽ അനുവാദം നൽകിയാൽ എസ്.എഫ്.ഐക്കാരെ മാറ്റാമെന്ന് പൊലീസ് പറഞ്ഞു. ഞങ്ങൾ പഠിപ്പിക്കുന്ന വിദ്യാർത്ഥികളെ കൺമുന്നിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ അത് വേണ്ടെന്ന് വച്ചു. ഇതിനിടെ വീണ്ടും വൈദ്യുതിബന്ധം വിച്ഛേദിച്ചതോടെ എനിക്ക് ശ്വാസതടസമുണ്ടായി. ഇത് എസ്.എഫ്.ഐ പ്രവർത്തകരെ അറിയിച്ചെങ്കിലും പുറത്തുവിടാൻ തയാറായില്ല. ഒട്ടും വയ്യാതായതോടെയാണ് പുറത്ത് കടക്കാൻ ശ്രമിച്ചത്. അപ്പോഴാണ് കൈപിടിച്ച് വലിച്ച് ആക്രമിക്കാൻ ശ്രമിച്ചത്. കഴുത്തിന് ക്ഷതമുണ്ട്. കോളേജിന് പുറത്തെയും അകത്തെയും എസ്.എഫ്.ഐക്കാർ ചേർന്നാണ് ആക്രമണം നടത്തിയത്. മെഡിക്കൽ കോളേജിൽ വ്യാഴാഴ്‌ച രാത്രി തന്നെ ചികിത്സ തേടി. പുലർച്ചെ അഞ്ചോടെ ഡിസ്‌ചാർജായി. 15 വർഷമായി ലാ കോളേജിൽ ജോലി ചെയ്യുന്ന തനിക്ക് ഇത്തരമൊരു അനുഭവം ആദ്യമാണെന്നും സഞ്ജു പറഞ്ഞു.

Advertisement
Advertisement