കൗണ്ടർ നാലായി, ആ ടെൻഷന് മരുന്നായി
- നടപടി കൗമുദി വാർത്തയെ തുടർന്ന്
തൃശൂർ : മാസങ്ങൾക്ക് ശേഷം അധികൃതർ ഉണർന്നതോടെ, പടിഞ്ഞാറെക്കോട്ട മാനസികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിയിലെ നാല് കൗണ്ടറിൽ നിന്ന് മരുന്ന് വാങ്ങി രോഗികൾക്ക് വേഗം മടങ്ങാം. ആശുപത്രി കോമ്പൗണ്ടിനുള്ളിലെ ഫാർമസിയിൽ ആറ് ഫാർമസിസ്റ്റുകളുണ്ടെങ്കിലും ഒരു കൗണ്ടറും തുറന്നുവച്ച് ചികിത്സ തേടിയെത്തുന്നവരെ വട്ടം കറക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് 'കേരള കൗമുദി' നൽകിയ നിരന്തര വാർത്തകളാണ് ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ളവരുടെ സത്വര ഇടപെടലിന് ഇടയാക്കിയത്. കൂടുതൽ കൗണ്ടർ സ്ഥാപിച്ചതോടെ ഒ.പി സമയം കഴിഞ്ഞാൽ തിരക്കില്ലാത്ത സ്ഥിതിയാണ്. നേരത്തെ ഉച്ചയ്ക്ക് ഒന്നിന് ഒ.പി കഴിഞ്ഞാലും പലപ്പോഴും നാലിന് ശേഷമേ പുറത്ത് കടക്കാനാകൂ. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നടക്കമുള്ളവരാണ് ചികിത്സ തേടിയെത്തുന്നത്. ഇതിൽ അക്രമ വാസനയുള്ളവർ പോലുമുണ്ട്. ഇവരെയാണ് മണിക്കൂറുകൾ ഇവിടെയിരുത്തുന്നത്. ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി പുറത്ത് കടക്കണമെങ്കിൽ ഒരു ദിവസം മുഴുവൻ ആശുപത്രിയിൽ ചെലവഴിക്കണം. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷങ്ങൾ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെ ഫാർമസി നവീകരിച്ചിരുന്നു. കൊവിഡ് സമയത്താണ് കൗണ്ടർ ഒന്നായി കുറച്ചത്. എന്നാൽ ഇത് പിന്നെ കൂട്ടിയില്ല. ഫാർമസിക്ക് ഉള്ളിൽ കടന്ന് മരുന്ന് വാങ്ങാവുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കിയിരുന്നതെങ്കിലും ചില പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അകത്ത് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
പുനരധിവസിപ്പിക്കാൻ നടപടി
രോഗം മാറിയിട്ടും രോഗികളാക്കി സെല്ലിനുള്ളിൽ വർഷങ്ങളായി ഇപ്പോഴും കിടക്കുന്നവരുടെ എണ്ണം 25 ആണ്. ബന്ധുക്കളെത്താത്തതാണ് പ്രശ്‌നം. നേരത്തെ ഇവരെ പ്രവേശിപ്പിക്കുമ്പോൾ വേണ്ടത്ര രേഖകൾ നൽകിയിരുന്നില്ല. പലരും ഫോൺ നമ്പർ നൽകുമ്പോഴും തെറ്റായിട്ടാണ് കൊടുത്തത്. ഇപ്പോൾ ഇവരെ പുനരധിവസിപ്പിക്കാനും ബന്ധുക്കളെ തേടിപിടിക്കാനുമായുള്ള നടപടി പുരോഗമിക്കുകയാണ്.
കാത്തിരിപ്പ് ചികിത്സയ്ക്കല്ല മരുന്നിന്
ശരാശരി 200നും 250നും ഇടയിൽ രോഗികൾ
ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും 300ന് അടുത്ത്
ഒഴിഞ്ഞത് കാത്തിരിപ്പ് ദുരിതം
രാവിലെ പതിനൊന്നിന് ഡോക്ടറെ കണ്ട് പുറത്തിറങ്ങുന്ന രോഗിക്ക് കാത്തിരിക്കേണ്ടി വന്നിരുന്നത് നാലും അഞ്ചും മണിക്കൂർ.
സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് രോഗം മാറിയവരെ പുനരധിവസിപ്പിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
ഡോ.രേഖ
ആശുപത്രി സൂപ്രണ്ട്