താളവാദ്യ പെരുക്കത്തില്‍ ചെ. പ്പു. കോ. വെയ്ക്ക് തുടക്കം

Saturday 18 March 2023 12:20 AM IST

തൃശൂർ: വെള്ളിവെളിച്ചത്തിന് പുറത്തുള്ള പ്രതിഭകൾക്കും കലാകാരന്മാർക്കും വേദിയൊരുക്കുന്ന കലാസാംസ്‌കാരിക സമന്വയം ചെ.പ്പുകോ.വെയ്ക്ക് സംഗീതനാടക അക്കാഡമിയിലെ കെ.ടി.മുഹമ്മദ് തിയേറ്ററിൽ തുടക്കം. രണ്ടുദിവസമാണ് പരിപാടി. ഇന്നലെ വജ്രജൂബിലി ഫെല്ലോഷിപ്പ് ലഭിച്ചവർ, ഭിന്നശേഷി, ട്രാൻസ്‌ജെൻഡർ, പട്ടികജാതി പട്ടിക വർഗ്ഗ കലാകാരന്മാർ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ, വയോജനങ്ങൾ തുടങ്ങിവരുടെ പരിപാടികൾ അരങ്ങേറി. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിന്റെയും കോർപ്പറേഷന്റെയും വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പരിപാടി.
കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു. പരീക്ഷാക്കാലമായിട്ടും സാമ്പത്തിക വർഷാവസാനത്തിന്റെ തിരക്കുകളുണ്ടായിട്ടും ഈ പരിപാടി സാദ്ധ്യമായത് കൂട്ടായ്മയുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. വേണ്ടത്ര അവസരം ലഭിക്കാത്ത പ്രതിഭകൾക്കും കലാകാരന്മാർക്കും വേദിയൊരുക്കിയത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് അദ്ധ്യക്ഷനായി. മെഗാ ഇവന്റുകൾക്ക് പഞ്ഞമില്ലാത്ത നാട്ടിൽ അരികുവൽകരിക്കപ്പെട്ട കലാകാരന്മാർക്ക് വേദി നൽകുന്നത് ചരിത്രത്തോടും സംസ്‌കാരത്തോടും ചെയ്യുന്ന നീതിയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി.വല്ലഭൻ, ജില്ലാ പഞ്ചായത്തംഗം കെ.വി.സജു, കളക്ടർ ഹരിത വി.കുമാർ, ജില്ല പഞ്ചായത്ത് സെക്രട്ടറി പി.എസ്.ഷിബു എന്നിവർ പ്രസംഗിച്ചു. സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി സംഗീതനാടക അക്കാഡമി പരിസരത്തും വടക്കേചിറയിലും കരകൗശല വസ്തുക്കളുടെയും ഭക്ഷ്യസാധനങ്ങളുടെ പ്രദർശനവും വിപണനവും ചിത്രരചന, സംഗീത പരിപാടികൾ തുടങ്ങിയവയും നടന്നു. പരിപാടികൾ ഇന്ന് സമാപിക്കും.

ചെണ്ടപ്പുറത്ത് കോലുവെച്ചാൽ ഉണരുന്നത് താളമാണ്. എല്ലാവരുടെ ജീവിതത്തിലും ഒരു താളമുണ്ടാകണം

ഔസേപ്പച്ചൻ

സംഗീത സംവിധായകൻ


പരിചയമില്ലാത്ത മുഖങ്ങൾക്കും അവഗണിക്കപ്പെടുന്ന ശബ്ദങ്ങൾക്കും അവസരം നൽകുന്നതാണ് ചെ.പ്പുകോ.വെ സാംസ്‌കാരികോത്സവം

കെ.സച്ചിദാനന്ദൻ

സാഹിത്യ അക്കാഡമി ചെയർമാൻ

Advertisement
Advertisement