പരിപൂർണ്ണ മനുഷ്യനായിരുന്നു അച്ഛൻ: ഇ.എം. രാധ
1967ൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വിവരം ശാന്തി നഗറിലെ വീട്ടിൽ ഉച്ചയ്ക്ക് ഉൗണു കഴിക്കാൻ വന്നപ്പോഴാണ് അച്ഛൻ അമ്മയോട് പറഞ്ഞത്. വൈകിട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും പറഞ്ഞു. 'മുഖ്യമന്ത്രിയാവണ്ട, ഇവിടെ ഇരുന്നാൽ മതി" എന്നായിരുന്നു അമ്മയുടെ മറുപടി. അച്ഛൻ ആകെ വിഷമത്തിലായി. അമ്മയുടെ വാക്ക് തട്ടിക്കളയാൻ പറ്റില്ല. പാർട്ടിയുടെ ഉത്തരവ് അനുസരിക്കാതിരിക്കാനും കഴിയില്ല. ധർമ്മസങ്കടം പാർട്ടി ഒാഫീസിൽ അറിയിച്ചു. ഒടുവിൽ എ.കെ.ജി വന്നാണ് അമ്മയെ പറഞ്ഞു സമ്മതിപ്പിച്ചത്. അന്ന് ചില ഡിമാൻഡുകൾ അമ്മ മുന്നോട്ടു വച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പോവില്ല. വീടിനു മുന്നിൽ പൊലീസുകാരുടെ കാവൽ പാടില്ല. പി.എ, പി.എസ് ഒന്നും വേണ്ട. സർക്കാർ ഫയൽ വീട്ടിലേക്ക് കൊണ്ടുവരാൻ പാടില്ല. അമ്മയുടെ ഡിമാന്റുകളെല്ലാം അംഗീകരിക്കപ്പെട്ടു. എന്നിട്ടായിരുന്നു അച്ഛന്റെ സത്യപ്രതിജ്ഞ. അദ്ദേഹത്തിന് വേണമെങ്കിൽ അമ്മയുടെ വാക്കുകൾ നിരസിച്ച് തീരുമാനമെടുക്കാം. പക്ഷേ അങ്ങനെയല്ല ചെയ്തത്, ആ വാക്കുകൾക്ക് വില കല്പിക്കുകയാണ്. അതായിരുന്നു അച്ഛനും അമ്മയും തമ്മിലുള്ള ആത്മബന്ധം. ഞങ്ങൾ മക്കൾക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹവും ആ ബോണ്ടിംഗായിരുന്നു.
ഇ.എം.എസ് ഇല്ലാത്ത 25 വർഷങ്ങളെന്നത് ഒരിക്കലും ഒരു ചെറിയ കാലയളവല്ല. അച്ഛന്റെ ഓർമ്മകളില്ലാത്ത ഒരു ദിവസം പോലും കടന്നു പോയിട്ടുമില്ല. ഒരു കമ്മ്യൂണിസ്റ്റുകാരനായി സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുമ്പോഴും മുഖ്യമന്ത്രിയായി അധികാര സ്ഥാനത്തിരിക്കുമ്പോഴും എനിക്കും സഹോദരങ്ങൾക്കും അമ്മയ്ക്കുമായി സമയം നീക്കിവയ്ക്കാൻ അച്ഛൻ എന്നും ശ്രദ്ധിച്ചിരുന്നു. 1962ൽ പാർട്ടി പിളർപ്പിന്റെ സമയത്ത് കന്യാകുമാരിയിൽ പാർട്ടി നയ രൂപീകരണത്തിനും മറ്റുമായി തിരക്കിലായപ്പോഴും കിട്ടിയ ഒഴിവു വേളയിൽ കുട്ടിയായ എന്നെയും അനിയൻ ശശിയെയും കൊണ്ട് കന്യാകുമാരിയിലെ കടലിൽ കുളിക്കാൻ കൊണ്ടുപോയിട്ടുണ്ട് അച്ഛൻ.
ലിംഗസമത്വത്തെക്കുറിച്ച് 2023ലും ഗൗരവമേറിയ ചർച്ചകൾ നടക്കുമ്പോൾ 1930കളിൽ തന്നെ ആ സമത്വം നടപ്പിലാക്കിയ അച്ഛന്റെ ദീർഘവീക്ഷണത്തെക്കുറിച്ച് ഞാൻ ഓർക്കാറുണ്ട്. ഒരു സുഹൃത്തിനോടെന്ന പോലെ അച്ഛനോട് സംസാരിക്കാമായിരുന്നു. അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവയ്ക്കാൻ കഴിയുമായിരുന്നു. ഞങ്ങൾക്ക് നല്ല വിദ്യാഭ്യാസം നൽകി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയായിരുന്നു അച്ഛനും അമ്മയും. അമ്മയുടെ വിശ്വാസങ്ങൾക്കും വില കല്പിച്ചിരുന്നു അദ്ദേഹം. ഒരിക്കൽ പാർട്ടി മീറ്റിംഗിനായി മധുരയിൽ പോയപ്പോൾ മീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിനു പോകാൻ ആഗ്രഹിച്ച അമ്മയെ കൊണ്ടുപോയത് അച്ഛനായിരുന്നു. അദ്ദേഹം പുറത്തു കാത്തുനിന്നു. അച്ഛൻ മുഖ്യമന്ത്രിയായ സമയത്ത് ഞാൻ കോട്ടൺഹിൽ സ്കൂൾ വിദ്യാർത്ഥിനിയാണ്. ഒരിക്കൽ പോലും സ്റ്റേറ്റ് കാറിൽ ഞങ്ങളെ കയറ്റിയിട്ടില്ല. അതിൽ വിഷമവും തോന്നിയിട്ടില്ല. അച്ഛൻ ചെയ്യുന്നതെല്ലാം ശരിയാണ്. പാർട്ടി പരിപാടിക്കായാലും പൊതുപ്രവർത്തനത്തിനായാലും പറ്റുന്ന അവസരങ്ങളിലൊക്കെ ഞങ്ങളെ കൂടെ കൂട്ടും. കുട്ടിക്കാലം മുതൽ ഇതൊക്കെ കണ്ടു വളർന്നതുകൊണ്ടു തന്നെ മറിച്ചൊരു ചിന്ത ഞങ്ങളുടെ മനസ്സിലും ഉണ്ടായിട്ടില്ല. അച്ഛൻ ഒളിവിൽ കഴിഞ്ഞിരുന്ന വേളയിലും ഒരദൃശ്യ സാന്നിദ്ധ്യമായി ഒപ്പമുണ്ടായിരുന്നു. അല്ലെങ്കിൽ അങ്ങനെ തോന്നിപ്പിക്കുന്ന രീതിയിൽ അമ്മ ജീവിതം കൊണ്ടുപോയിരുന്നു. പാർട്ടി അംഗത്വമെടുക്കാത്ത അടിയുറച്ച പാർട്ടിക്കാരിയായ അമ്മയുടെ ഭൗതികശരീരം എ.കെ.ജി സെന്ററിൽ പൊതുദർശനത്തിനു വയ്ക്കണമെന്നും അമ്മയുടെ അന്ത്യയാത്രയിൽ പാർട്ടി പതാക പുതപ്പിക്കണമെന്നുമുള്ള എന്റെ ആഗ്രഹം അന്ന് സാദ്ധ്യമാക്കിയത് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നു. അച്ഛൻ ചെയ്ത നന്മകളാണ് അദ്ദേഹത്തിന് കേരളം നൽകിയ യാത്രയയപ്പിൽ കണ്ടത്. വീട്ടിൽ തന്നെ ജനാധിപത്യം നടപ്പിലാക്കിയ വ്യക്തിയായിരുന്നു സഖാവ് ഇ.എം.എസ് എന്ന് അഭിമാനത്തോടെ തലയുയർത്തി പറയാനാകും.