ഇമ്രാനെതിരെയുള്ള അറസ്റ്റ് വാറണ്ടുകൾ സസ്പെൻഡ് ചെയ്തു  9 കേസുകളിൽ സംരക്ഷണ ജാമ്യം

Saturday 18 March 2023 6:47 AM IST

ഇസ്ലാമാബാദ്: തോഷാഖാന അഴിമതിക്കേസിലടക്കം പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുകൾ സസ്പെൻഡ് ചെയ്ത് ഇസ്ലാമാബാദ് ഹൈക്കോടതി. ഇന്ന് വരെയാണ് കോടതിയുടെ ഇളവ്.

കേസിൽ ഇന്ന് ഇമ്രാൻ സെഷൻസ് കോടതിയിൽ ഹാജരാകുമെന്ന് അഭിഭാഷകർ അറിയിച്ചു. കോടതിയിൽ ഹാജരാകാൻ ഇമ്രാന് പൊലീസ് സുരക്ഷ ഒരുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇന്ന് ഹാജരായില്ലെങ്കിൽ സസ്പെൻഷൻ നീക്കിയേക്കും. ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പിൻവലിച്ചതിന് പിന്നാലെ ലാഹോറിലെ സമൻ പാർക്കിലെ വസതിയിൽ നിന്ന് പുറത്തിറങ്ങിയ ഇമ്രാൻ ലാഹോർ ഹൈക്കോടതിയിൽ ഹാജരായി. തനിക്കെതിരെയുള്ള ഒമ്പത് കേസുകളിൽ സംരക്ഷണ ജാമ്യം തേടിയാണ് ഇമ്രാൻ കോടതിയെ സമീപിച്ചത്.

ഇമ്രാന്റെ ഹർജി പരിഗണിച്ച കോടതി ഒമ്പത് കേസുകളിലും സംരക്ഷണ ജാമ്യം അനുവദിച്ചു. കേസുകളിൽ എട്ടെണ്ണം തീവ്രവാദ നിയമപ്രകാരമുള്ളതും ഒരെണ്ണം സിവിൽ കേസുമാണ്. ഇതിൽ ഇസ്ലാമാബാദിൽ രജിസ്റ്റർ ചെയ്യപ്പെട്ട അഞ്ച് കേസുകളിൽ മാർച്ച് 24 വരെയും ലാഹോറിൽ രജിസ്റ്റർ ചെയ്ത മറ്റുള്ളവയ്ക്ക് മാർച്ച് 27 വരെയുമാണ് സംരക്ഷണം.

നൂറുകണക്കിന് പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെയാണ് ഇമ്രാൻ ബുള്ളറ്റ് പ്രൂഫ് കാറിൽ കോടതിയിലെത്തിയത്. ഒക്ടോബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ തന്നെ വിലക്കാനും ജയിലിലടക്കാനുമാണ് അറസ്റ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും ജീവന് ഭീഷണിയുണ്ടെന്നും ഇമ്രാൻ അവകാശപ്പെടുന്നു. രാജ്യമൊട്ടാകെ 80ലേറെ വ്യത്യസ്ത കേസുകൾ തനിക്കെതിരെയുണ്ടെന്ന് ഇമ്രാൻ പറയുന്നു.

Advertisement
Advertisement