തടവറയിൽ നിന്ന് ആഡംബര ഹോട്ടലിലേക്ക്
ആംസ്റ്റർഡാം : 12 ഡീലക്‌സ് മുറികൾ, 24 സ്റ്റാൻഡേർഡ് മുറികൾ, രാജകീയമായ ഇന്റീരിയർ ഡിസൈനും മോഡേൺ ഫർണിച്ചറുമുള്ള നാല് സ്യൂട്ടുകൾ, വിശാലമായ മീറ്റിംഗ് റൂമുകൾ, ഫിറ്റ്നസ് സെന്റർ.....നെതർലൻഡ്‌സിലെ റർമണ്ടിലുള്ള പ്രശസ്തമായ ഹെറ്റ് അറെസ്‌തയിഷ് എന്ന ആഡംബര ഹോട്ടലിലെ സൗകര്യങ്ങളാണിത്. വിവിധ നിറങ്ങളിലെ ഇന്റീരിയറോട് കൂടിയ അതിമനോഹരമായ ഈ ഹോട്ടൽ കാഴ്ചയിൽ ഏറെ ഭംഗിയുള്ളതാണെങ്കിലും പിന്നിൽ ഒരു ഇരുണ്ട ചരിത്രം മറഞ്ഞിരിക്കുന്നുണ്ട്.
ശരിക്കും 1862ൽ സ്ഥാപിതമായ ഒരു തടവറയാണിത്. ഒരുകാലത്ത് ഏവരെയും ഭയപ്പെടുത്തിയ ഇവിടം ഏകദേശം 150 വർഷത്തോളം ദുരിതത്തിന്റെ പ്രതീകമായി നിലകൊണ്ടു. കുറേ വർഷം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന ഹെറ്റ് അറെസ്‌തയിഷ് ജയിൽ 2002ൽ വീണ്ടും തുറന്നെങ്കിലും അധികകാലം നീണ്ടില്ല. ഒടുവിൽ 2007ൽ ഈ തടവറ എന്നന്നേക്കുമായി പൂട്ടിയതോടെയാണ് ഹെറ്റ് അറെസ്‌തയിഷ് ആഡംബര ഹോട്ടലായി മാറിയത്. 2011ലാണ് ഈ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ പ്രവർത്തനം ആരംഭിച്ചത്.
എല്ലാ മുറികളിലും ടിവി, എയർ കണ്ടീഷണർ, ഫ്രീ വൈഫൈ, ടീ - കോഫി മെഷീനുകൾ തുടങ്ങിയ എല്ലാവിധ അത്യാധുനിക സംവിധാനങ്ങളും ഇവിടെ ഇപ്പോഴുണ്ട്. ഒലിവ് മരങ്ങൾ നിറഞ്ഞ നടുമുറ്റവും ഓർഗാനിക് ചെടികളുടെ പൂന്തോട്ടവുമാണ് ഇവിടത്തെ മറ്റൊരു പ്രത്യേക. 105 സെല്ലുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 40 വലിയ ലക്ഷ്വറി റൂമുകളാണുള്ളത്. ആഡംബര ഹോട്ടലായെങ്കിലും ജയിലിലുണ്ടായിരുന്ന ഇരുമ്പഴികളും ജനാലകളും ചിത്രങ്ങളുമൊക്കെ നിലനിറുത്തിയിട്ടുണ്ട്. വൻ തുക നൽകി ഇവിടുത്തെ പഴയ ' സെല്ലുകളിൽ " തങ്ങാൻ നിരവധി ടൂറിസ്റ്റുകളാണ് എത്താറുള്ളത്.