പുട്ടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് പ്രാധാന്യമർഹിക്കുന്നില്ലെന്ന് റഷ്യ
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി. കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയെന്നുൾപ്പെടെയുള്ള യുക്രെയിനിലെ യുദ്ധക്കുറ്റങ്ങൾക്ക് അദ്ദേഹം ഉത്തരവാദിയാണെന്ന് ആരോപിച്ചാണ് നടപടി.
കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള റഷ്യൻ പ്രസിഡൻഷ്യൽ കമ്മിഷണർ മരിയ ല്‌വോവ - ബെലോവയ്ക്കെതിരെയും ഇതേ കുറ്റത്തിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
അതേ സമയം, കോടതിയുടെ തീരുമാനത്തിന് ഒരു പ്രാധാന്യവുമില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഉത്തരവിന് യാതൊരു അർത്ഥവുമില്ലെന്നും നിയമപരമായി അസാധുവാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കോടതിയുടെ നടപടിയെ സ്വാഗതം ചെയ്ത യുക്രെയിൻ നീതി പുനഃസ്ഥാപിക്കുന്നതിലേക്കുള്ള പ്രാരംഭ നടപടിയാണിതെന്ന് വിശേഷിപ്പിച്ചു.
അധിനിവേശം ആരംഭിച്ച ശേഷം 16,000ത്തിലേറെ കുട്ടികളെ റഷ്യയിലേക്കോ റഷ്യൻ നിയന്ത്രിത മേഖലകളിലേക്കോ അനധികൃതമായി കടത്തിയെന്ന് യുക്രെയിൻ പറയുന്നു. യുക്രെയിനിൽ തങ്ങളുടെ സൈന്യം യുദ്ധക്കുറ്റങ്ങൾ ചെയ്തിട്ടില്ലെന്ന് റഷ്യ മുമ്പ് വാദിച്ചിരുന്നു. നിയമനടപടികൾ സ്വയം നടപ്പിലാക്കാൻ കഴിയാത്തവിധം കോടതി സംവിധാനങ്ങൾ ദുർബലമായ രാജ്യങ്ങളിലെ യുദ്ധക്കുറ്റങ്ങളുടെയടക്കം നിയമനടപടികൾ അന്താരാഷ്ട്ര ക്രിമിനൽ കോടതി പൊതുവെ ഏറ്റെടുക്കുന്നുണ്ട്.
കോടതിയ്ക്ക് പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ അധികാരമില്ല. കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾക്കുള്ളിൽ മാത്രമേ കോടതിയ്ക്ക് അധികാര പരിധി പ്രയോഗിക്കാൻ കഴിയൂ. റഷ്യ കോടതിയുമായി കരാർ ഏർപ്പെട്ടിട്ടില്ലാത്തതിനാൽ പുട്ടിന്റെ അറസ്റ്റ് ചെയ്യാനാകില്ല.