പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് ഒരാഴ്‌ചയായില്ല; ചെറിയ മഴയിൽതന്നെ ബംഗളൂരു-മൈസൂരു എക്‌സ്‌പ്രസ് വേയിൽ വെള്ളക്കെട്ട്

Saturday 18 March 2023 3:15 PM IST

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഉദ്ഘാടനം നിർവഹിച്ച, 8500 കോടി രൂപ ചെലവിൽ നിർമിച്ച ബംഗളൂരു- മൈസൂരു എക്‌സ്‌പ്രസ് വേയിലെ പലഭാഗങ്ങളിലും വെള്ളക്കെട്ട്. ഇന്ന് ബംഗളൂരുവിൽ പലയിടത്തും നേരിയതോതിൽ മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാമനഗരയിലെ റോഡിൽ വെള്ളം നിറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ 119 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്‌പ്രസ് വേയുടെ ഗുണനിലവാരം ചോദ്യം ചെയ്യുകയാണ് സമൂഹമാദ്ധ്യമ ഉപഭോക്താക്കൾ.

ക‌ർണാടകയിലും ബംഗളൂരുവിലെ ചില ഭാഗങ്ങളിലും അടുത്ത രണ്ട് ദിവസത്തേയ്ക്ക് കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. രാമനഗരയിലെ വെള്ളക്കെട്ടിൽ നിരവധി അപകടങ്ങളും റിപ്പോ‌ർട്ട് ചെയ്തിട്ടുണ്ട്.

മാർച്ച് 12നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗളൂരു- മൈസൂരു എക്‌സ്‌പ്രസ് വേ ഉദ്ഘാടനം ചെയ്തത്. കർണാ‌ടകയിലെ ജനങ്ങൾക്കുള്ള സമ്മാനമെന്നാണ് മോദി എക്‌സ്‌പ്രസ് വേയെ വിശേഷിപ്പിച്ചത്. അതിവേഗ പാത എത്തുന്നതോടെ ബംഗളൂരുവിൽ നിന്ന് മൈസൂരിലെത്താൻ വേണ്ടത് വെറും എഴുപത്തഞ്ച് മിനിട്ട് മാത്രമായിരിക്കും. നേരത്തേ ഇത്രയും ദൂരം താണ്ടാൻ വേണ്ടിയിരുന്നത് മൂന്നുമണിക്കൂറായിരുന്നു. 11 ഓവർപാസുകൾ, 64 അണ്ടർപാസുകൾ, അഞ്ച് ബൈപ്പാസുകൾ, 42 ചെറിയ പാലങ്ങൾ എന്നിവയാണ് ബംഗളൂരു-മൈസൂരു എക്‌സ്‌പ്രസ് വേയിൽ ഉൾപ്പെട്ടിട്ടുള്ളത്.